വിനീഷ്യസിന്റെ ഇരട്ടഗോൾ മികവ്; സ്കോട്‌ലൻഡിനെ തകർത്ത് ബ്രസീൽ പ്രീക്വാർട്ടറിൽ

മയാമി: ലോകകപ്പിൽ കരുത്തുറ്റ പ്രകടനം തുടർന്ന ബ്രസീൽ, സ്കോട്‌ലൻഡിനെ 3-0ന് കീഴടക്കി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. മുന്നേറ്റനിരയിലെ താരമായ വിനീഷ്യസ് ജൂനിയർ രണ്ട് ഗോളുകൾ നേടി വിജയശില്പിയായപ്പോൾ, മറ്റൊരു ഗോൾ മത്തേയൂസ് കൂഞ്ഞയുടെ ബൂട്ടിൽ നിന്നുമെത്തി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീൽ കളിക്കളത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ഏഴാം മിനിറ്റിൽ വിനീഷ്യസ് നേടിയ ഗോളിലൂടെ മഞ്ഞപ്പട ലീഡ് സ്വന്തമാക്കി. ഗോൾ വഴങ്ങിയെങ്കിലും സ്കോട്‌ലൻഡ് പിന്നീട് മികച്ച രീതിയിൽ തിരിച്ചുവരാൻ ശ്രമിച്ചു. പന്തടക്കത്തിലും പാസുകളിലും അവർ ബ്രസീലിനോട് ഒപ്പമെത്തിയെങ്കിലും നിർണായക നിമിഷങ്ങളിൽ അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല.

22-ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും വല കുലുക്കിയെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ റദ്ദാക്കി. സ്കോട്‌ലൻഡ് പ്രതിരോധതാരം ജാക്ക് ഹെൻഡ്രിയെ ഫൗൾ ചെയ്ത ശേഷമാണ് താരം മുന്നേറിയതെന്ന് കണ്ടെത്തിയതോടെയായിരുന്നു തീരുമാനം.

ആദ്യപകുതി അവസാനിക്കാൻ തൊട്ടുമുൻപ് ബ്രസീൽ ലീഡ് ഇരട്ടിയാക്കി. ബ്രൂണോ ഗുയിമാറെസിന്റെ കൃത്യമായ ക്രോസിൽ നിന്ന് ലഭിച്ച അവസരം വിനീഷ്യസ് ഹെഡറിലൂടെ ഗോളാക്കി മാറ്റി. ഇതോടെ ബ്രസീൽ 2-0ന്റെ വ്യക്തമായ മുൻതൂക്കത്തോടെ ഇടവേളയിലേക്ക് കടന്നു.

രണ്ടാം പകുതിയിലും ബ്രസീൽ ആക്രമണം തുടർന്നു. 60-ാം മിനിറ്റിൽ ഗുയിമാറെസിൻ്റെ മനോഹരമായ റിവേഴ്‌സ് പാസ് സ്വീകരിച്ച മത്തേയൂസ് കൂഞ്ഞ, സ്കോട്ലൻഡ് ഗോൾകീപ്പറെ മറികടന്ന് മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു.

സ്കോട്ലൻഡിനും ചില അവസരങ്ങൾ ലഭിച്ചെങ്കിലും ബ്രസീൽ ഗോൾകീപ്പർ അലിസൺ ഉറച്ച പ്രതിരോധം കാഴ്ചവച്ചു. 64-ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനെയുടെ ഹെഡർ അദ്ദേഹം മികച്ച സേവിലൂടെ തടഞ്ഞു.

മത്സരത്തിലെ മറ്റൊരു ശ്രദ്ധേയ നിമിഷം 76-ാം മിനിറ്റിലായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ സൂപ്പർ താരം നെയ്മർ പകരക്കാരനായി കളത്തിലിറങ്ങി. ഈ ലോകകപ്പിൽ നെയ്‌മാർ ആദ്യമായി ബൂട്ടണിഞ്ഞതും ബ്രസീൽ ആരാധകർക്ക് ആവേശം പകർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!