മത്സരശേഷം ബെല്ലിങ്ങാമും ബാർകോയും ഏറ്റുമുട്ടി; അർജന്റീന – ഇംഗ്ലണ്ട് സെമി ഫൈനലിന് പിന്നാലെ കളിക്കളത്തിൽ സംഘർഷം…

അറ്റ്‌ലാന്റ: സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അവസാന നിമിഷങ്ങളിൽ നടത്തിയ മിന്നും പ്രകടനത്തിന്റെ കരുത്തിൽ അർജന്റീന ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഒരു ഗോളിന് പിന്നിലായിരുന്ന ലോകചാമ്പ്യൻമാർ ഏഴ് മിനിറ്റിനിടെ രണ്ട് ഗോൾ തിരിച്ചടിച്ചാണ് 2-1ന്റെ വിജയം സ്വന്തമാക്കിയത്.

എന്നാൽ മത്സരശേഷം മൈതാനത്ത് ഇരു ടീമുകളിലെയും താരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് ഇപ്പോൾ സൈബറിടങ്ങളിൽ വലിയ ചർച്ചയാകുന്നത്.

അർജന്റീനയുടെ വിജയാഘോഷത്തിനിടെയാണ് സംഘർഷത്തിന് തുടക്കമായത്. ആഘോഷത്തിലായിരുന്ന വാലന്റ്റീൻ ബാർകോയുടെ തലയ്ക്ക് പിന്നിൽ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാം അടിച്ചതായി ദൃശ്യങ്ങളിൽ കാണാം. ഇതോടെ ബാർകോ തിരിച്ചുതള്ളുകയും പിന്നാലെ എത്തിയ എക്സെക്വൽ പലാസിയോസ് ബെല്ലിങ്ങാമിനെ തള്ളുകയും ചെയ്‌തു. തുടർന്ന് ഇരു ടീമുകളിലെയും താരങ്ങൾ മൈതാനത്തിന്റെ നടുവിൽ ഒത്തുകൂടിയെങ്കിലും ഉദ്യോഗസ്ഥരും സഹതാരങ്ങളും ഇടപെട്ട് സ്ഥിതി ശാന്തമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മത്സരത്തിന്റെ ആദ്യ ഗോൾ 55-ാം മിനിറ്റിലായിരുന്നു. മോർഗൻ റോജേഴ്‌സിന്റെ കൃത്യമായ ക്രോസിൽ നിന്ന് ആന്റണി ഗോർഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. സമയം അവസാനത്തിലേക്ക് നീങ്ങുമ്പോൾ 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ദൂരപരിധിക്കു പുറത്തുനിന്ന് നേടിയ മനോഹര ഗോളിലൂടെ അർജന്റീന സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനെസ് വിജയഗോൾ നേടി ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ തകർത്തു. രണ്ട് ഗോളുകൾക്കും നിർണായക വഴിയൊരുക്കിയത് ലയണൽ മെസിയായിരുന്നു.

ആദ്യപകുതി ഗോൾരഹിതമായിരു ന്നെങ്കിലും കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ഫൗളുകളും വാക്കേറ്റങ്ങളും നിറഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ എലിയട്ട് ആൻഡേഴ്സണും അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനെസും മഞ്ഞക്കാർഡ് കണ്ടു. ആദ്യ പകുതിയിൽ അർജന്റീന 12 ഫൗളുകളും ഇംഗ്ലണ്ട് ഏഴ് ഫൗളുകളും വഴങ്ങി. തുടക്കത്തിൽ ആക്രമണം നടത്തിയ ഇംഗ്ലണ്ടിന് ലഭിച്ച കോർണർ അവസരങ്ങൾ പ്രയോജനപ്പെടുത്താ നായില്ല. ആദ്യ 30 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!