ന്യൂഡൽഹി: നീറ്റ് പരീക്ഷാ സുതാര്യത ഉറപ്പാക്കാനും തട്ടിപ്പുകൾ തടയാനുമായി അതീവ കർശനമായ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വ്യാജ സന്ദേശങ്ങൾ തടയുന്നതിനായി എൻടിഎ ഇനി മുതൽ ഔദ്യോഗിക സന്ദേശങ്ങൾ അയക്കുന്നത് 7827980287 എന്ന ഒരൊറ്റ വാട്‌സ്ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കുമെന്ന് അറിയിച്ചു. ഇത് ഔദ്യോഗികമായി ബ്ലൂടിക് വെരിഫൈഡ് ചെയ്ത നമ്പറാണ്. ഈ നമ്പറിലൂടെ വിദ്യാർത്ഥികൾക്ക് വൺ-വേ സന്ദേശങ്ങൾ മാത്രമേ ലഭിക്കൂ എന്നും തിരികെ സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.
വിദ്യാർത്ഥികളെ കബളിപ്പിക്കുന്ന സംഘങ്ങളെ ചെറുക്കാനുള്ള നിർദ്ദേശങ്ങളും എൻടിഎ മുന്നോട്ട് വെച്ചിട്ടുണ്ട്. ഔദ്യോഗിക നമ്പറിൽ നിന്നും യാതൊരു കാരണവശാലും വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയോ, ഒടിപി ആവശ്യപ്പെടുകയോ ചെയ്യില്ല. കൂടാതെ പണം അടക്കാൻ ആവശ്യപ്പെടുകയോ, ചോദ്യപേപ്പർ സംബന്ധിച്ച യാതൊരുവിധ കാര്യങ്ങൾ പങ്കുവെക്കുകയോ ഇല്ലെന്നും എൻടിഎ ഉറപ്പുനൽകുന്നു. ഇതിന് വിരുദ്ധമായി എൻടിഎയുടെ പേരിൽ ആരെങ്കിലും പണമോ ഒടിപിയോ ചോദിച്ച് സമീപിച്ചാൽ ഉടനടി നാഷണൽ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930-ൽ വിളിച്ച് വിവരമറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
നാളത്തെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി പുതിയ അഡ്മിറ്റ് കാർഡുകൾ എൻടിഎ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിച്ച് പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. മുൻപ് നൽകിയ മെയ് 30-ലെ അഡ്മിറ്റ് കാർഡ് ഉപയോഗിച്ച് നാളത്തെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും ഏജൻസി വ്യക്തമാക്കി.
അതേസമയം, നാഷണൽ മെഡിക്കൽ കമ്മിഷന് കീഴിൽ വരുന്ന ഒരു മെഡിക്കൽ കോളേജും ഇന്നും നാളെയും വിദ്യാർത്ഥികൾക്ക് യാതൊരു കാരണവശാലും അവധി നൽകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻപ് നടന്ന നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിൽ ചില മെഡിക്കൽ വിദ്യാർത്ഥികളുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. വിദ്യാർത്ഥികൾ കൂട്ടത്തോടെ പരീക്ഷാ അട്ടിമറികൾക്കായി നീങ്ങുന്നത് തടയാനും കർശനമായ നിരീക്ഷണം ഉറപ്പാക്കാനുമാണ് കോളേജുകൾക്ക് അവധി നിഷേധിച്ചുകൊണ്ട് കമ്മീഷൻ ഉത്തരവിറക്കിയിരിക്കുന്നത്.
