പ്രളയത്തെ അതിജീവിക്കാൻ രൂപകല്‍പ്പന ചെയ്ത ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡ് വെള്ളത്തില്‍ മുങ്ങി

ചങ്ങനാശ്ശേരി : പ്രളയത്തെ അതിജീവിക്കാൻ രൂപകല്‍പ്പന ചെയ്ത ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡ് വെള്ളത്തില്‍ മുങ്ങി

2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളം കയറാത്ത രീതിയിലാണ് 24 കിലോമീറ്റര്‍ വരുന്ന എസി റോഡ് നവീകരിച്ചത്. ഏകദേശം 800 കോടി രൂപയോളം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

എന്നാല്‍ പ്രളയങ്ങളെ അതിജീവിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഈ പാതയില്‍ വീണ്ടും വെള്ളം കയറിയത് പൊതുജനങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കിലോമീറ്ററിന് 30 കോടി രൂപയോളം ചെലവഴിച്ചിട്ടും കുട്ടനാട്ടില്‍ പ്രളയസമാനമായ വലിയ വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നിട്ടുപോലും റോഡില്‍ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്.

ഓട പ്ലസ് ലെവലിലും റോഡ് മൈനസ് ലെവലിലും നിർമിച്ചതടക്കം വലിയ അപാകങ്ങളാണ് റോഡിലുള്ളത്. റോഡുനിർമാണത്തിലെ അശാസ്ത്രീയതയെക്കുറിച്ചും ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ചും ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.

ജൂണില്‍ നെടുമുടി പാലത്തില്‍ അടുത്തയിടെ ടാറിങ് പൂർത്തിയായ സ്ഥലത്ത് പല ഭാഗങ്ങളിലായി ടാറിങ് ഇളകിയത് വിവാദമായിരുന്നു.

റോഡിന്റെ ഇരുവശത്തും ഓട നിർമിച്ചതിനാല്‍ മുൻ കാലങ്ങളിലേതു പോലെ ഇരുവശങ്ങളിലേക്കും സുഗമമായി വെള്ളം ഒഴുകി മാറുന്നില്ല. റോഡില്‍ നിന്ന് ഓടയിലേക്കു വെള്ളം ഒഴുകി ഇറങ്ങാനുള്ള കുഴികള്‍ പലതും അടയുന്നതാണു ഒഴുക്കിനു തടസമാകുന്നത്.

കഴിഞ്ഞ വെള്ളപ്പൊക്കത്തിലും എ.സി. റോഡില്‍ വെള്ളം കയറിയിരുന്നു. ആക്ഷേപം ഉയർന്നപ്പോള്‍ റോഡ് പണി പൂർണമായില്ലെന്നു പറഞ്ഞ് അധികൃതർ തടിതപ്പുകയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപായിരുന്നു റോഡിന്റെ നിർമാണോദ്ഘാടനം.
24 കിലോമീറ്റർ റോഡില്‍ നിർമിച്ച 60ല്‍ അധികം കലുങ്കുകള്‍ ഇപ്പോള്‍ ഹംപ് പോലെയായി മാറി. കോണ്‍ക്രീറ്റ് സ്ലാബില്‍ നിർമിച്ച കലുങ്ക് തെങ്ങിൻ കുറ്റികള്‍ അടിച്ച പൈലിന്റെ മുകളിലാണു സ്ഥാപിച്ചിട്ടുള്ളത്.

ഇതു കാര്യമായി താഴ്ന്നിട്ടില്ല. എന്നാല്‍ റോഡ് താഴ്ന്നു തുടങ്ങി. കലുങ്കുകളുടെ ഇരുവശത്തും റോഡ് താഴ്ന്നു കിടക്കുന്നതിനാല്‍ കലുങ്കുകള്‍ ഹംപ് പോലെ ഉയർന്നുനില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!