കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറക്കടവ് മേലേറ്റുതകിടിയിൽ യുവാവ് വീടിന് തീയിട്ടു. തടയാനെത്തിയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു സംഭവം. കോലൻചിറയിൽ വീട്ടിൽ റൂബിൻ (35) ആണ് സ്വന്തം വീടിന് തീയിട്ടതെന്നാണ് വിവരം.
തീപിടിത്തവിവരം അറിഞ്ഞെത്തിയ സഹോദരൻ സന്ദീപുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് സന്ദീപിന്റെ മുഖത്തിന് റൂബിൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

പരിക്കേറ്റ സന്ദീപിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ പ്രതികരിച്ചു. തീപിടിത്തത്തിൽ വീടിനുള്ളിലെ ഗൃഹോപകരണങ്ങളും മറ്റ് സാധനങ്ങളും പൂർണമായും കത്തിനശിച്ചു.
വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന തീയണച്ച് കൂടുതൽ നാശനഷ്ടം ഒഴിവാക്കി.
റൂബിന് മാനസികാരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. വീട്ടിൽ പതിവായി കുടുംബവഴക്കുകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.
