ടെഹ്റാൻ/ജെറുസലേം : പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നെന്ന സൂചനകൾക്കിടെ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യാപക വ്യോമാക്രമണം നടത്തി.
ഇറാൻ നേരത്തെ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി സ്വീകരിച്ചതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
പടിഞ്ഞാറൻ, മധ്യ ഇറാനിലെ പ്രധാന സൈനിക താവളങ്ങളെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ടെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ നഗരങ്ങളിൽ ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ ടെഹ്റാനിൽ രണ്ട് വലിയ സ്‌ഫോടനങ്ങളും ഇസ്ഫഹാനിൽ മൂന്ന് സ്‌ഫോടനങ്ങളും രേഖപ്പെടുത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു.
ഇറാന്റെ സൈനിക സംവിധാനങ്ങളെയും സുരക്ഷാ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. ഇതോടൊപ്പം തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾക്കും നേരെ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമപാതകൾ ഇറാൻ അടച്ചു. എയർ-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് ആരോപിച്ചു.
ഇറാനുമായി ഒരു കരാറിലെത്തുന്നതിന്റെ അടുത്താണെന്നും അതിനാൽ ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പ്രത്യാക്രമണം ഉണ്ടാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം. തീരുമാനങ്ങൾ എടുക്കുന്നത് താനാണെന്നും ഇസ്രയേൽ തന്റെ വാക്കുകൾ കേൾക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ഇറാന്റെ മിസൈൽ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിട്ടില്ല. മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
പശ്ചിമേഷ്യയിലെ സംഘർഷം നൂറുദിനം പിന്നിട്ടിരിക്കവേയാണ് പുതിയ സംഭവവികാസങ്ങൾ. വ്യോമാക്രമണങ്ങൾ തുടർന്നാൽ യുദ്ധം വീണ്ടും രൂക്ഷമാകുന്നതിലേക്ക് നയിക്കും. നിലവിൽ യുദ്ധത്തിന്റെ കെടുതികളിൽ വലയുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സൂചന.
