കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ജനരോഷം കൂടുതൽ ശക്തമാകുന്നു. അഴിമതിയുടെയും ക്രിമിനൽ കേസുകളുടെയും പശ്ചാത്തലത്തിൽ അറസ്റ്റിലായ നേതാക്കളെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനി ടെ പ്രതിഷേധക്കാർ മുട്ടയേറുകയും ‘കള്ളൻ’ എന്ന് വിളിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ കൗൺസിലർമാരായ ബാപ്പാദിത്യ ദാസ്ഗുപ്തയെയും മുഹമ്മദ് ജസിമുദീനെയും കോടതിയിൽ ഹാജരാക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.
അതേസമയം ഹൗറയിൽ തൃണമൂൽ നേതാവിന് വേണ്ടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പിടിയിലായ സന്നാശി മന്നയെ നാട്ടുകാർ തലമൊട്ടയടിച്ച് ചെരിപ്പുമാല അണിയിച്ച് നഗരത്തിൽ നടത്തുകയും ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുഹമ്മദ് ജസിമുദീൻ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ വീടിനുള്ളിൽ ഒളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗേറ്റ് പൂട്ടിയതിനാൽ ആറുമണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിൽ പൂട്ടുതകർത്ത് അകത്തുകയറിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റിന് പിന്നാലെ അനുയായികൾ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ട് പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.
അഭിഭാഷകയായ പരമിത ദേവിന്റെ പരാതിയിലാണ് ബാപ്പാദിത്യ ദാസ്ഗുപ്തയും സഹായി സൗരവ് ഘോഷും അറസ്റ്റിലായത്. ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഒടുവിൽ രണ്ട് ലക്ഷം രൂപ നൽകേണ്ടിവ ന്നെന്നും പരാതിയിൽ പറയുന്നു. പണം നൽകിയിട്ടും 2021-ൽ ഓഫീസ് അടിച്ചുതകർത്തുവെന്നും പരാതിയിൽ ആരോപിക്കുന്നു.
ഇതിനിടെ, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹൗറ ജില്ലയിലെ തൃണമൂൽ പ്രവർത്തകൻ ബ്രഹ്മാനന്ദ ചക്രവർത്തിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ വീട്ടിലെ സാരിക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാളെന്ന് അധികൃതർ അറിയിച്ചു.
