കൊട്ടിയൂരിൽ ഇളനീർവയ്പ്പ് ഭക്തിസാന്ദ്രമായി; ഇന്ന് ഇളനീരാട്ടവും അഷ്ടമി ആരാധനയും

കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവയ്പ്പ് അക്കരെ കൊട്ടിയൂരിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. കഠിനവ്രതം അനുഷ്ഠിച്ചെത്തിയ തണ്ടയാന്മാർ ആയിരക്കണക്കിന് ഇളനീർക്കാവുകളാണ് സമർപ്പിച്ചത്. ശ്രീഭൂതബലിക്ക് ശേഷം കാര്യത്ത് കൈക്കോളൻ കിഴക്കേ നടയിൽ തട്ടും പോളയും വിരിച്ച് ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. മുഹൂർത്തസമയം രാശി വിളിച്ചതോടെയാണ് ഇളനീർവയ്പ്പ് ആരംഭിച്ചത്. മന്ദംചേരിയിൽ കാത്തുനിന്നിരുന്ന വ്രതക്കാർ ഇളനീർകാവുകളുമായി ബാവലിപ്പുഴയിൽ മുങ്ങി, തുടർന്ന് സന്നിധാനത്തിലെത്തി മൂന്ന് വലംവെച്ച് സമർപ്പണം നടത്തി. ഭണ്ഡാരം പെരുക്കി വീരഭദ്രനെ വണങ്ങിയ ശേഷമാണ് ഭക്തർ മടങ്ങിയത്.

രാത്രി മുഴുവൻ നീണ്ടുനിന്ന ഇളനീർ സമർപ്പണം, എരുവട്ടി തണ്ടയാൻ ഇളനീരിനൊപ്പം ഒരു കുടം എള്ളെണ്ണ സമർപ്പിച്ചതോടെ സമാപിച്ചു. ഇന്ന് രാത്രി നടക്കുന്ന ഇളനീരാട്ടത്തിനായുള്ള ഒരുക്കങ്ങൾ രാവിലെ തന്നെ ആരംഭിക്കും. കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലുള്ള സംഘം ഇളനീരുകൾ ചെത്തിയൊരുക്കി മണിത്തറയിലെ മുഖമണ്ഡപത്തിൽ ശേഖരിക്കും. ഇതിനാവശ്യമായ കത്തികൾ തണ്ടയാന്മാരാണ് സമർപ്പിച്ചിരിക്കുന്നത്.

രാത്രിയിൽ കൊട്ടേരിക്കാവിൽ നിന്ന് മുത്തപ്പൻ ദൈവം അകമ്പടിയോടെ സന്നിധാനത്തിലെത്തി അരിയും കളഭവും സ്വീകരിക്കുന്ന ചടങ്ങും നടക്കും. കോവിലകം കൈയാല തീണ്ടുക എന്ന ആചാരവും ഇതോടനുബന്ധിച്ച് നടത്തും. മുത്തപ്പൻ ദൈവം മടങ്ങിയശേഷം രാശി വിളിക്കുന്നതോടെയാണ് ഇളനീരാട്ടം ആരംഭിക്കുക. ഭക്തർ സമർപ്പിച്ച ഓരോ ഇളനീരും വെട്ടി, ആദ്യം വെള്ളിക്കുടങ്ങളിലും പിന്നീട് സ്വർണക്കുടങ്ങളിലേക്കും പകർന്നാണ് പെരുമാളിന് അഭിഷേകം നടത്തുന്നത്. ഉത്സവകാലത്തെ രണ്ടാമത്തെ പ്രധാന ആരാധനാ ചടങ്ങായ അഷ്ടമി ആരാധനയും ഇന്ന് നടക്കും.

വിഷുക്കാലം തൊട്ടുള്ള കഠിന വ്രതം

വിഷു മുതൽ ആരംഭിക്കുന്ന അതികഠിനമായ വ്രതശുദ്ധിയോടെ മനസ്സും ശരീരവും പെരുമാൾക്കായി പാകപ്പെടുത്തിയാണ് ഭക്തർ ഇളനീരുകളുമായി കൊട്ടിയൂരിലേക്ക് യാത്രയാകുന്നത്. ജന്മസ്ഥാനികൻ ഒഴികെയുള്ള മറ്റുള്ളവരെല്ലാം ‘പ്രാർത്ഥനക്കാർ’ (വ്രതക്കാർ) എന്നറിയപ്പെടുന്നു. നൂറ്റിനാൽപ്പതോളം ഇളനീർമഠങ്ങളിൽ താമസിച്ച് വ്രതം നോൽക്കുന്ന ഇവർ, ഇളനീർവെപ്പ് ദിവസത്തോടെ കൊട്ടിയൂരിൽ എത്തിച്ചേരുന്നു.

എരുവട്ടി,ആയിരത്തി തണ്ടയാന്റെ സംഘത്തോടൊപ്പം വീരഭദ്രന്റെ രൗദ്രകോലം ധരിച്ച അഞ്ഞൂറ്റാനും, ചീനിവാദ്യവുമായി എരുവട്ടി മുന്നൂറ്റാനും, കുഴൽവിളക്കുമായി ഇരുവട്ടി, കോട്ടയം വാക്കന്മാർ എന്നിവരുംഉണ്ടാകും.

ചപ്പാരത്തിലെ വണക്കവും മന്ദംചേരിയിലെ കാത്തിരിപ്പും

ഇളനീർവെപ്പ് ദിവസമായ സപ്തമി നാളിൽ, വ്രതക്കാർ ഇളനീർകാവുകളുമായി മണത്തണ ചപ്പാരം ക്ഷേത്രത്തിൽ എത്തി പരാശക്തിയെ തൊഴുത് അനുഗ്രഹം വാങ്ങിയ ശേഷമേ കൊട്ടിയൂരിലേക്ക് പുറപ്പെടുകയുള്ളൂ. കൊട്ടിയൂരിലെത്തുന്ന ഭക്തർ മന്ദംചേരിയിൽ തങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥാനങ്ങളിൽ ഇളനീർക്കാവുകൾ ഇറക്കിവെച്ച്, സമർപ്പണത്തിന്റെ പുണ്യമുഹൂർത്ത ത്തിനായി കാത്തിരിക്കും.

അക്കരെ സന്നിധിയിൽ പതിവിലും നേരത്തെ അത്താഴപൂജയും ശീവേലിയും പൂർത്തിയാകുന്നതോടെ ഇളനീർവെപ്പിനുള്ള ‘രാശി’ വിളിക്കും. ഈ സമയം വീരഭദ്രന്റെ കോലം ധരിച്ച സ്ഥാനികൻ കിഴക്കേ നടയിലെ കൽപടവുകളിൽ ഒറ്റക്കാലിൽ നിലയുറപ്പിക്കും.

തുടർന്ന് കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിൽ അമ്മാറക്കല്ലിനും അരയാൽത്തറയ്ക്കും നടുവിലായി ‘തട്ടും പോളയും’ വിരിക്കണം. (നാല് വാഴപ്പോളകൾ ചതുരാകൃതിയിൽ നിരത്തി അതിൽ മൂന്ന് മരവാഴയിലകൾ വിരിക്കുന്ന ചടങ്ങ്). വിളക്കൻ സ്ഥാനികൻ ഇതിൽ ഒരു തിരി കത്തിച്ചുവെക്കുന്നതോടെ ഇളനീർവെപ്പിന് തുടക്കമാവും. ദേഹം മുഴുവൻ നല്ലെണ്ണ തേച്ചുപിടിപ്പിച്ച്, ബാവലിപ്പുഴയിൽ മുങ്ങി നിവർന്ന്, അന്തരീക്ഷമാകെ “ഓങ്കാരം” മുഴക്കിക്കൊണ്ട് വ്രതക്കാർ ഇളനീർക്കാവുകളുമായി തിരുവഞ്ചിറയിലേക്ക് പ്രവേശിക്കും. ഓരോരുത്തരായി തങ്ങളുടെ കാവുകൾ ഭഗവാന് സമർപ്പിക്കും. തുടർന്ന് കുടിപതികൾ സ്ഥാപിച്ച വെള്ളിക്ഠാരത്തിൽ ഭക്തിപൂർവ്വം കാണിക്കയർപ്പിച്ച്, കൽപടവുകളിലെ വീരഭദ്രസ്വാമിയെ വണങ്ങി അവർ മന്ദംചേരിയിലേക്ക് മടങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!