കൊച്ചി : വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ മലയാളി യുവാവിനെ ഇമിഗ്രേഷൻ ബ്യൂറോ പിടികൂടി. ആലംകോട് സ്വദേശിയായ ഭിന്നശേഷിക്കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ഇതിനുശേഷം ഇയാൾ വിദേശത്തേക്ക് പോവുകയായിരുന്നു. പെരിങ്ങമല എൻടി ബംഗ്ലാവിൽ ഷജിൻ സിദ്ദീഖ് (33) നെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.
വിവാഹിതനായ ഷജിൻ സിദ്ദിഖ് അവിവാഹിതനാണെന്നു തെറ്റിധരിപ്പിച്ചാണ് കഴക്കൂട്ടത്ത് പഠിക്കുകയായിരുന്ന പെൺകുട്ടിയോട് അടുപ്പം കാട്ടിയത്. 2022 സെപ്റ്റംബറിൽ ആണ് യുവതിയെ പലവട്ടം പീഡനത്തിനിരയാക്കിയത്. ഇവരിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും പ്രതി കൈക്കലാക്കിയിട്ടുണ്ട്.
പിന്നീട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ജനുവരിയിൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വിദേശത്തേക്ക് കടന്ന പ്രതി തിരികെ എത്തുന്ന വിവരം അറിഞ്ഞ് കൊച്ചി വിമാനത്താവളത്തിൽ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ആറ്റിങ്ങൽ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.