‘ആയിരം മെസിക്ക് അര നെയ്മർ’!- ഒരു തലമുറ കവലകൾ തോറും വച്ച പോസ്റ്ററിലെ വാചകമായിരുന്നു ഇത്. കാരണം സെലക്കാവോകളുടെ പോരാളിയുടെ മുഖം നെയ്മറിലാണ് ഒരു തലമുറയിലെ ആരാധകർ കണ്ടത്. അർജന്റീനയ്ക്ക് മെസിയെങ്കിൽ ബ്രസീലിന് നെയ്മർ എന്നതായിരുന്നു അവരുടെ ആശ്വാസത്തിന്റെ സമവാക്യങ്ങൾ. ‘ഓൻ മെസിയോളം പോന്നോനാ’ എന്ന് ആരാധകർ ഉള്ളിൽ കണ്ട പ്രതിഭയുടേയും പ്രതിഭാസത്തിന്റേയും പേര് കൂടിയാണ് നെയ്മർ. മെസി ഫുട്ബോളിലെ സാധ്യമായ എല്ല കിരീടങ്ങളും നേടിയെങ്കിൽ നെയ്മർ പാതി വഴിയിൽ പലപ്പോഴും വീണു പോയി.
അത്ഭുത ഫുട്ബോൾ കളിച്ച നെയ്മർ മൈതാനത്ത് എതിരാളികളുടെ ഫൗളുകളിൽ വീണു പോയിക്കൊണ്ടേയിരുന്നു. പരിക്ക് അയാളുടെ സമ്മോഹന ഫുട്ബോൾ കരിയറിൽ നിരന്തരം ക്രൂരത കാണിച്ചു. പല ടൂർണമെന്റുകളിലും താരത്തിനു കളി മുഴുവൻ കളിക്കാൻ പോലും സാധിക്കാതെ പരിക്കേറ്റ് മടങ്ങേണ്ടി വന്നു.
2010 മുതലാണ് സാന്റോസ് താരമായ നെയ്മർ ആഗോള ഫുട്ബോൾ ശ്രദ്ധയിലേക്ക് വരുന്നത്. 2014ൽ സ്വന്തം രാജ്യത്ത് അരങ്ങേറിയ ലോകകപ്പ് പോരാട്ടത്തിന്റെ പോസ്റ്റർ ബോയ് പോലും അയാളായിരുന്നു. എന്നാൽ ക്വാർട്ടർ പോരാട്ടത്തിനിടെ പരിക്കേറ്റ് മടങ്ങി.
2014ലെ ലോകകപ്പ് സെമിയിൽ ജർമനിയ്ക്ക് മുന്നിൽ ബ്രസീൽ 1-7ന്റെ കനത്ത പരാജയം ഏറ്റുവാങ്ങുന്നതിനു തൊട്ടുമുൻപ് താരങ്ങൾ ദേശീയ ഗാനത്തിനായി ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ ബ്രസീൽ താരങ്ങളിലൊരാളായ ഒൻപതാം നമ്പർ ജേഴ്സിക്കാരൻ ഫ്രെഡ് തന്റെ കൈയിൽ നെയ്മറുടെ ജേഴ്സിയും പിടിച്ചിരുന്നു. അയാളോടുള്ള ടീമിന്റെ ഐക്യദാർഢ്യമാണ് ഫ്രഡ് പ്രദർശിപ്പിച്ചത്. അയാൾക്ക് വേണ്ടി ടീം വീരോചിത വിജയം നേടുമെന്നു ആരാധകർ ഉറച്ചു വിശ്വസിക്കുകയും ചെയ്തു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. ബ്രസീലിന്റെ പതനം കനത്ത ഹൃദയ ഭാരത്തോടെ കണ്ടു നിൽക്കാനാണ് കാലവും പരിക്കും നെയ്മർക്ക് വിധിയിട്ടത്.
2016ൽ നാട്ടിൽ തന്നെ അരങ്ങേറിയ ഒളിംപിക്സിൽ ബ്രസീലിനു ചരിത്രത്തിലാദ്യമായി ഫുട്ബോളിൽ സ്വർണം സമ്മാനിച്ച് പക്ഷേ നെയ്മർ ഗംഭീര തിരിച്ചു വരവ് നടത്തുന്നുണ്ട്. അന്ന് ടീമിനു സ്വർണം ഉറപ്പിക്കുന്ന പെനാൽറ്റി വലയിലാക്കിയാണ് നെയ്മർ താരമായത്. പിന്നീട് ബാഴ്സലോണയിൽ മെസി- സുവാരസ്- നെയ്മർ എന്ന വിഖ്യാത എംഎസ്എൻ സഖ്യത്തിൽ സമ്മോഹന നേട്ടങ്ങൾ. പാരിസിൽ പിഎസ്ജി ജേഴ്സിയിൽ വീണ്ടും മെസിക്കൊപ്പം ഒന്നിച്ചുള്ള യാത്ര. മെസി- നെയ്മർ- എംബാപ്പെ സഖ്യവും ഈ ഘട്ടത്തിൽ കാണാം.
എന്നാൽ പരിക്കുകൾ വിട്ടൊഴിയാതിരുന്ന 2018ലെ ലോകകപ്പ് കാംപെയ്ൻ ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. 2023ൽ ഉറുഗ്വെയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഉണ്ടായ ഗുരുതരമായ എസിഎൽ പരിക്ക് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിന് വലിയ തിരിച്ചടിയായി. അന്നു മുതൽ, മുൻ ബാഴ്സലോണ, പിഎസ്ജി താരമായ നെയ്മർ തുടർച്ചയായി ഫിറ്റ്നസ് പ്രശ്നങ്ങളോട് പോരാടുകയാണ്.
ഈ ലോകകപ്പിൽ നെയ്മർ കളിക്കാൻ ഒരുങ്ങി നിൽക്കുന്നുണ്ട്. പതിവു പോലെ അയാളെ പിന്തുടർന്നു ഇത്തവണയും പരിക്കെത്തിയിട്ടുണ്ട്. ഇപ്പോൾ ബാധിച്ച കണങ്കാലിലെ പരിക്ക് കാരണം മൊറോക്കോയ്ക്കെതിരായ ബ്രസീലിന്റെ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അദ്ദേഹം കളിക്കുന്ന കാര്യം സംശയത്തിലാണ്. പക്ഷേ, നെയ്മർ ലോകകപ്പ് കളിക്കുമെന്നു തന്നെ ആരാധകർ ഉറച്ചു വിശ്വസിക്കുന്നു.
128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകളുമായി നെയ്മർ ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്കോററായി തുടരുന്നു. പരിചയസമ്പത്തും യുവത്വവും ഒത്തു ചേരുന്ന, വിഖ്യാത പരിശീലകൻ കാർലോ ആഞ്ചലോട്ടിയെന്ന ഡോൺ കാർലോ പരിശീലിപ്പിക്കുന്ന ഒരു ടീമിന്റെ ഭാഗമായി അദ്ദേഹം ഈ ലോകകപ്പിലും കളിക്കുമെന്നു തന്നെ വിശ്വസിക്കാം. അലിസൺ, കാസെമിറോ, മാർക്വീഞ്ഞോസ്, വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, കൗമാര വിസ്മയം എൻഡ്രിക് തുടങ്ങിയ താരങ്ങൾക്കൊപ്പം, ബ്രസീലിന്റെ 24 വർഷത്തെ ലോകകപ്പ് കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് നെയ്മർ ലക്ഷ്യമിടുന്നത്.
നെയ്മറെ സംബന്ധിച്ചിടത്തോളം, ശ്രദ്ധ മുഴുവൻ ഈ അവസാന അധ്യായത്തിലാണ്. വർഷങ്ങളുടെ മികച്ച പ്രകടനങ്ങൾക്കും കണ്ണീരിനും ബാക്കിപത്രങ്ങൾക്കും ശേഷം, ഒരു പതിറ്റാണ്ടിലേറെയായി ബ്രസീലിന്റെ പ്രതീക്ഷകൾ ചുമലിലേറ്റിയ ആ മനുഷ്യൻ തന്റെ അവസാന നൃത്തത്തിന് തയ്യാറെടുക്കുകയാണ്. അത്യാവേശത്തോടെ അയാൾ ലോക കിരീടം നെഞ്ചേറ്റട്ടെ!
