ജൊനാഥൻ ഡേവിഡിന്റെ ഹാട്രിക്; ഖത്തറിനെ തകർത്തെറിഞ്ഞ് കാനഡയുടെ ഗോൾവർഷം…

വാൻകൂവർ: ഫിഫ ലോകകപ്പിൽ ഖത്തറിനെതിരെ കാനഡയുടെ ഏകപക്ഷീയ ആധിപത്യം. എതിരില്ലാത്ത ആറു ഗോളുകൾക്ക് ഖത്തറിനെ തകർത്ത കാനഡയ്ക്ക് വിജയശിൽപിയായത് ഹാട്രിക് നേടിയ ജൊനാഥൻ ഡേവിഡ്. കൈൽ ലാരിൻ, നേഥൻ സാലിബ എന്നിവരും കാനഡയ്ക്കായി ഓരോ ഗോൾ നേടി. കൂടാതെ ഖത്തർ താരം മുഹമ്മദ് മനായുടെ സെൽഫ് ഗോൾ കൂടിയായതോടെ കാനഡയുടെ അക്കൗണ്ടിൽ ആറ് ഗോളുകളായി.

മത്സരത്തിന്റെ 16-ാം മിനിറ്റിൽ കൈൽ ലാരിൻ ആണ് കാനഡയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് 29-ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇൻജുറി ടൈമിൻ്റെ മൂന്നാം മിനിറ്റിലും ജൊനാഥൻ ഡേവിഡ് വലകുലുക്കി കാനഡയ്ക്ക് 3-0ൻ്റെ ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ നേഥൻ സാലിബയുടെ ഫ്രീകിക്ക് ഖത്തർ പ്രതിരോധത്തെ മറികടന്ന് വലയിലെത്തി.

75-ാം മിനിറ്റിൽ മുഹമ്മദ് മനായുടെ ദൗർഭാഗ്യകരമായ സെൽഫ് ഗോൾ കാനഡയുടെ ലീഡ് അഞ്ചാക്കി. ഷാഫൽബർഗിൻ്റെ ഷോട്ട് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പന്ത് സ്വന്തം വലയിലേക്ക് തിരിച്ചുകയറിയത്. ഇൻജുറി ടൈമിൻ്റെ രണ്ടാം മിനിറ്റിൽ വീണ്ടും ഗോൾ നേടിയ ഡേവിഡ് ഹാട്രിക് പൂർത്തിയാക്കി കാനഡയുടെ ഗോൾസംഖ്യ ആറായി ഉയർത്തി.

മുഴുവൻ മത്സരവും കാനഡയുടെ നിയന്ത്രണത്തിലായിരുന്നു. 78 ശതമാനം പന്തടക്കം സ്വന്തമാക്കിയ ആതിഥേയർ ഖത്തറിന് കാര്യമായ അവസരങ്ങളൊന്നും അനുവദിച്ചില്ല. അതേസമയം മത്സരം കടുപ്പമേറിയതായിരുന്നു. ഖത്തർ 10 ഫൗളുകളും കാനഡ 9 ഫൗളുകളും വഴങ്ങി. ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ഖത്തറിന്റെ രണ്ട് താരങ്ങൾ റെഡ് കാർഡ് കണ്ട് പുറത്തായതും ടീമിന് വലിയ തിരിച്ചടിയായി.

ഇതിനിടെ കാനഡൻ താരം ഇസ്മയിൽ കോനെ ഗുരുതരമായി പരിക്കേറ്റ് കളം വിടേണ്ടിവന്നതും മത്സരത്തിലെ ശ്രദ്ധേയ സംഭവങ്ങളിലൊന്നായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!