‘മഹേശന്റെ ആത്മഹത്യക്ക് കാരണം വെള്ളാപ്പള്ളി നടേശന്റെ ഭീഷണി’

ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിറ്റ് സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യമന്ത്രി വിഡി സതീശന് കത്തുനൽകി. ഇതോടൊപ്പം മഹേശന്റെ ഭാര്യ ഉഷാദേവിയുടെ കത്തും സുധീരൻ മുഖ്യമന്ത്രിക്ക് കൈമാറി.

ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് കത്ത് നൽകിയെങ്കിലും ഫലപ്രദമായ യാതൊരു നടപടിയും മുൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ വെള്ളാപ്പള്ളി നടേശന്റെ ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സുധീരൻ പറയുന്നു.

മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂർണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

ചേർത്തല താലൂക്ക് കണിച്ചുകുളങ്ങര കൂട്ടുങ്ങൽ വീട്ടിൽ സ്വയം ജീവനൊടുക്കിയ കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവിയുടെ അപേക്ഷ ഇതോടൊപ്പം അയയ്ക്കുന്നു.

എസ്.എൻ.ഡി.പി. യോഗത്തിന്റെ കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും ദേവസ്വം ഖജാൻജിയും മൈക്രോഫിനാൻസ് സംസ്ഥാന കോ-ഓർഡിനേറ്ററുമായിരുന്ന കെ.കെ.മഹേശനെ സ്വയം ജീവൻ വെടിയുന്ന സാഹചര്യത്തിലേയ്ക്ക് എത്തിക്കുന്നതിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അപേക്ഷിച്ചുകൊണ്ട് മഹേശന്റെ സഹധർമ്മിണി ശ്രീമതി ഉഷാദേവി അന്നത്തെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് അപേക്ഷ സമർപ്പിച്ചിരുന്നതാണ്.

ഇക്കാര്യം കത്തുമുഖാന്തിരം ഞാനും മുൻ മുഖ്യമന്ത്രി ശ്രീ.പിണറായിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിർഭാഗ്യവശാൽ ഫലപ്രദമായ യാതൊരു നടപടിയും മുൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

സ്വജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് 32 പേജ് വരുന്ന ആത്മഹത്യാകുറിപ്പ് കേരളത്തിലെ എസ്.എൻ.ഡി.പി. യൂണിയൻ നേതാക്കൾക്ക് മഹേശൻ അയച്ചു നൽകിയതായും പ്രസ്തുത കുറിപ്പിൽ ശ്രീ.വെള്ളാപ്പള്ളി നടേശനിൽ നിന്നും താൻ അനുഭവിച്ച മാനസിക പീഢനങ്ങളും, കേസ്സുകളിൽ കുടുക്കി ജയിലിലാക്കുമെന്ന ഭീഷണിയും, മൈക്രോ ഫിനാൻസ് ക്രമക്കേടുകളുടെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിൽ കെട്ടിവയ്ക്കുമെന്ന ഭീഷണിയുടേയും എസ്.എൻ.ഡി.പി. യോഗത്തിലും ട്രസ്റ്റിലും നടന്നുവരുന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ മഹേശനിൽ ചുമത്തുമെന്നുമുള്ള വെള്ളാപ്പള്ളിയുടെ ഭീഷണിയുമാണ് തന്റെ ഭർത്താവിന്റെ മരണത്തിന് കാരണമെന്ന് മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നുവെന്ന് ശ്രീമതി ഉഷാകുമാരിയുടെ ഈ അപേക്ഷയിൽ പറയുന്നുണ്ട്. മരണ ദിവസം തയ്യാറാക്കി പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മരണ കാരണം വിവരിച്ച മറ്റൊരു ആത്മഹത്യാ കുറിപ്പ് വെള്ളാപ്പള്ളിയുടെ സ്വാധീനം ഉപയോഗിച്ച് പോലീസ് സേന മാറ്റിയതായി ചില ഉദ്യോഗസ്ഥർ തങ്ങളെ അറിയിച്ചതായും ഈ അപേക്ഷയിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പോലീസ് കണ്ടെടുത്ത സുപ്രധാനവും പ്രസക്തവുമായ രേഖകൾ മിക്കതും തമസ്‌കരിക്കപ്പെടുന്ന ദുസ്ഥിതിയാണുണ്ടായത്. മഹേശന്റെ ചരമക്കുറിപ്പുകളിൽ തുറന്നുപറഞ്ഞിരുന്ന വസ്തുതകളെക്കുറിച്ചൊന്നും ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നതാണ് യാഥാർഥ്യം.

ഇതെല്ലാം കണത്തിലെടുത്ത് ഇനിയെങ്കിലും നാടിനെ നടുക്കിയ ഈ ദാരുണ സംഭവത്തെക്കുറിച്ച് സത്യസന്ധരും, നിഷ്പക്ഷരും, കാര്യപ്രാപ്തിയുള്ളവരായും നല്ല പൂർവ്വകാല പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് കൃത്യമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ അത് നിയമവാഴ്ചക്കുതന്നെ സംഭവിക്കുന്ന അതിഗുരുതരമായ വീഴ്ചതന്നെയായിരിക്കും. നിയമസംവിധാനത്തെ കബളിപ്പിച്ചുകൊണ്ട് ഒരു കുറ്റവാളിപോലും രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഈ വൈകിയവേളയിലെങ്കിലും നീതി നടപ്പാക്കിയേ തീരൂ. അതുകൊണ്ട് ശ്രീമതി ഉഷാദേവിയുടെ അപേക്ഷയിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനും മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെപിടിയിൽ കൊണ്ടുവരുന്നതിന് സത്യസന്ധരും സമർത്ഥരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

സ്‌നേഹപൂർവ്വം

വി.എം.സുധീരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!