വാക്കേറ്റം, കയ്യാങ്കളി, ചോരക്കളി… അമ്പലപ്പുഴയിൽ സുധാകരനും സഖാക്കളും നേർക്കുനേർ, ഒടുവിൽ…

ആലപ്പുഴ: അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി. സുധാകരൻ എംഎൽഎയും സിപിഐഎം പ്രവർത്തകരും തമ്മിൽ അതിരൂക്ഷമായ വാക്കുതർക്കവും കൈയേറ്റവും.

സ്കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാനായി എംഎൽഎ എത്തിയപ്പോഴാണ് സംഭവം. ഈ സമയം സ്ഥലത്തുണ്ടായിരുന്ന അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുൻ സിപിഐഎം പ്രസിഡന്റും നിലവിലെ അംഗങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തകർ സുധാകരനുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചശേഷം അവിടെ നിന്ന് മണ്ണ് അനധികൃതമായി കടത്തുന്നു എന്നായിരുന്നു ജി. സുധാകരന്റെ ആരോപണം. കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ് സുധാകരൻ സ്കൂളിലേക്ക് എത്തിയത്. ആ സമയം സ്കൂൾ പിടിഎ പ്രസിഡന്റും മുൻ എംഎൽഎ എച്ച്. സലാമിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് എന്നിവർ അവിടെയുണ്ടായിരുന്നു.

തുടർന്ന് ഇരുകൂട്ടരും തമ്മിൽ വലിയ രീതിയിലുള്ള വാഗ്വാദമുണ്ടായി. എന്നാൽ സുധാകരൻ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും വ്യാജമാണെന്നാണ് സിപിഐഎം പ്രവർത്തകരുടെ വിശദീകരണം. സ്കൂളിൽ നിന്ന് മണ്ണ് മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ജി. സുധാകരന്റെ കൂടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ സിപിഐഎം നേതാക്കളെ കൈയ്യേറ്റം ചെയ്തതായും പരാതിയുയർന്നിട്ടുണ്ട്. മർദ്ദനമേറ്റ പ്രശാന്ത്കുട്ടി നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുകയാണ്.

അതേസമയം, സുധാകരൻ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണ് പെരുമാറുന്നതെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ഓൺലൈൻ മാധ്യമപ്രവർത്തകരെയും കൂട്ടി വന്ന് വലിയ രീതിയിൽ ‘ഷോ ഓഫ്’ നടത്താനാണ് സുധാകരൻ ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്. ജി. സുധാകരൻ സ്കൂളിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു എന്നാണ് പിടിഎ ഭാരവാഹികൾ പറയുന്നത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നതോടെ അമ്പലപ്പുഴ പൊലീസ് എത്തിയാണ് ഇരു കൂട്ടരെയും പിരിച്ചുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!