‘പിഎം ശ്രീ അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ല, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനം’

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി കാണുന്നില്ലെന്നും യുഡിഎഫില്‍ വിശദമായ ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്നും സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. അതൊരു യാഥാര്‍ഥ്യമാണ്. അതുപ്രകാരം ചില ഫണ്ടുകള്‍ കൈമാറി. പിന്നാലെ രാഷ്ട്രീയ വിവാദങ്ങളെയും മുന്നണിയിലെ പ്രശ്‌നങ്ങളെയും തുടര്‍ന്ന് താല്‍ക്കാലം നിര്‍ത്തിവെച്ചു. ഇനി കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ കഴിയുമോ എന്ന കാര്യത്തിലുള്‍പ്പെടെ വിദഗ്ധോപദേശം തേടും.

കേന്ദ്ര സര്‍ക്കാരിന്റെ പാഠ്യ പദ്ധതിയോടുള്ള ലീഗിന്റെ നിലപാട് വളരെ വ്യക്തമാണ്. ഫെഡറല്‍ സംവിധാനത്തില്‍ ഫണ്ടുകള്‍ നല്‍കുന്നതിന് കേന്ദ്രം സംസ്ഥാനങ്ങളുടെ മുന്‍പില്‍ ഉപാധികള്‍ വയ്ക്കാന്‍ പാടില്ല. അത് ഫെഡറല്‍ തത്വത്തിന് എതിരാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം അവകാശമാണ്. അതു നിഷേധിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസനയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയെന്നാണു സൂചന. കേന്ദ്ര നിബന്ധനകളിലെ എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് അവശ്യമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

2025 ഒക്ടോബര്‍ 16ന് മന്ത്രിസഭയോ മുന്നണിയോ അറിയാതെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയും മുന്‍കൈയെടുത്താണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നത് വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!