തിരുവനന്തപുരം: പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്നും പൊതിച്ചോറില്‍ മന്ത്രി മണ്ണ് വാരിയിടുന്നു, മന്ത്രിക്ക് ധിക്കാരത്തിന്‍റെ ഭാഷയാണ്.പൊതിച്ചോറില്‍ ഡിവൈഎഫ്‌ഐ രാഷ്‌ട്രീയം കാണിച്ചിട്ടില്ല എന്നും വികെ സനോജ് പറഞ്ഞു.
എന്നാല്‍, സർക്കാർ ആശുപത്രികളില്‍ വിവിധ സംഘടനകള്‍ നടത്തുന്ന പൊതിച്ചോർ വിതരണത്തെ ചൊല്ലി പോര് മുറുകുകയാണ്. ആശുപതികളില്‍ സംഘടനകളുടെ കൊടി കെട്ടിയുള്ള ഭക്ഷണവിതരണം ഇനി വേണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. തുടർന്ന് ആര് തടഞ്ഞാലും പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
കഴിഞ്ഞ 19 വർഷമായി സേവാഭാരതിയും 10 വർഷമായി ഡിവൈഎഫ്‌ഐയും സംസ്ഥാനത്തെ ആശുപത്രികളില്‍ സൗജന്യ പൊതിച്ചോർ വിതരണം നടത്തുന്നുണ്ട് . ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പാക്കുന്ന പദ്ധതി രാഷ്ട്രീയ ഭേദമില്ലാതെ ഏറെ കയ്യടി നേടിയിരുന്നു.
എന്നാല്‍ ആശുപത്രികള്‍ക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും കൊടികെട്ടിയുള്ള ഭക്ഷണവിതരണം എന്തുവിലകൊടുത്തും തടയുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ നിലപാട് .ഡിവൈഎഫ്‌ഐ എന്നല്ല, യൂത്ത് കോണ്‍ഗ്രസിന്‍റെയോ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളില്‍ അനുവദിക്കില്ല. പകരം ആശുപതികളില്‍ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാനാണ് സർക്കാരിന്‍റെ നീക്കം. കമ്മ്യൂണിറ്റി കിച്ചൻ എങ്ങനെ വേണം എന്നതില്‍ തുടർ ചർച്ചക്ക് ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണ്.
