ലണ്ടൻ: ബ്രിട്ടനിൽ പ്രമുഖ മലയാളി ഡോക്ടർ കൊല്ലപ്പെട്ട നിലയിൽ. യുകെയിലെ മിൽട്ടൺ കീൻസിൽ പ്രമുഖ മലയാളി ഡോക്ടറായ അച്ചാമ്മ ജോൺ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 58 വയസ്സുള്ള ഭർത്താവിനെ ബ്രിട്ടീഷ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകുന്നേരം വൂൾവർട്ടണിലെ ഈസ്റ്റ് മൂർ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയിൽ നിന്ന് അടിയന്തര സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വീട്ടിനുള്ളിൽ അച്ചാമ്മ ജോണിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ വിദ്യാർഥിനിയായ അച്ചാമ്മ ജോൺ, യുകെയിൽ സ്കിൻ കാൻസർ ചികിത്സാ രംഗത്ത് ശ്രദ്ധേയയായ ഡോക്ടറായിരുന്നു. എൻഎച്ച്എസിൽ സേവനമനുഷ്ഠിച്ചിരുന്ന അവർ സഹപ്രവർത്തകർക്കിടയിലും രോഗികൾക്കിടയിലും ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.
അതേസമയം, ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിരുന്നെങ്കിലും ദമ്പതികൾക്കിടയിൽ കുടുംബപരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ കസ്റ്റഡിയിലുള്ള ഭർത്താവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മരണകാരണം വ്യക്തമാക്കുന്നതിനുള്ള പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
