ന്യൂദൽഹി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് സുപ്രീംകോടതിയില്‍ ആശ്വാസം. കേസിൽ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു.
ഒറ്റ ദിവസം കൊണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇത്ര അടിയന്തര പ്രാധാന്യം എന്തുണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിനെ വിമർശിച്ച കോടതി, കേസ് പരിഗണനയ്ക്കായി ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്തു.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടി ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, പി.എ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണ വിധേയരെ കേൾക്കാതെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. തുടർന്നാണ് അപ്പീലുമായി ഇവർ സുപ്രീംകോടതിയിലെത്തിയത്.
കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദസറ അവധിക്കാലത്ത് സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.
പിണറായി വിജയൻ ഉൾപ്പെടെയുള്ള എല്ലാ കക്ഷികളും നൽകിയ ഹർജികൾ കോടതി വിശദമായി പരിശോധിച്ച ശേഷമാണ് നിലവിലെ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
