പാമ്പാടി : ഇന്ന് രാവിലെ ദേശീയപാത 183ൽ പാമ്പാടി 13-ആം മൈലിൽ നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞ യുവതികളുടെ പോസ്റ്റ്മോർട്ടം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.
പാമ്പാടി പൊത്തൻപുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസി(കോട്ടയം ഭദ്രാസന മുൻ സെക്രട്ടറി, പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡവലപ്മെൻ്റ് സെൻ്റർ ഡയറക്ടർ)ൻ്റെ മകൾ കൃപ മെറിൻ കുര്യൻ (24), മീനടം വട്ടക്കാവുങ്കൽ വീട്ടിൽ തോമസിൻ്റെ മകൾ ആഷ്‌ലി ആൻ തോമസ് (23) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരും സ്കൂൾ പഠനകാലം മുതൽ സുഹൃത്തുക്കൾ ആയിരുന്നു.
ഓസ്ട്രേലിയയിൽ എംഎസ് ഡബ്ല്യൂ പഠനം പൂർത്തിയാക്കി മാർച്ചിൽ നടക്കുന്ന ഗ്രാജുവേഷൻ്റെ ഇടവേളയിൽ നാട്ടിലെത്തിയതായിരുന്നു കൃപ. ആഷ്‌ലി ബെംഗളൂരുവിൽ നിന്ന് എ സി സി എം, ഐഇഎൽടിഎസ് പരീക്ഷകൾ വിജയിച്ച ശേഷം അവധിയായതിനാൽ വീട്ടിൽ എത്തിയതാണ്.
മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മണർകാട് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കൃപയുടെ മൃതദേഹം നാളെ രാവിലെ പാമ്പാടി പൊത്തൻപുറത്തെ വീട്ടിലെത്തിക്കും. തുടർന്ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം രണ്ടു മണിക്ക് കടവുംഭാഗം സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കാരം നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. കൃപയുടെ മാതാവ് മണർകാട് മാലം തൊട്ടിയിൽ കുടുംബാംഗം അനിത കുര്യൻ. സഹോദരൻ കിരൺ ജേക്കബ് കുര്യൻ.
ആഷ്‌ലിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മാങ്ങാനത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
കോട്ടയം – കുമളി ദേശീയ പാതയിൽ 13 – ആം മൈലിലാണ് അപകടം ഉണ്ടായത്. റോഡിനോട് ചേർന്ന് സംസാരിച്ച് നിന്നിരുന്ന വഴിയാത്രക്കാരെ ഇടിക്കാതിരിക്കാൻ യുവതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് മുമ്പേ പോയ കാർ ബ്രേക്ക് ചെയ്തപ്പോൾ ഇടിക്കാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിഞ്ഞ് ഇരുവരും ബസിനടിയിൽപ്പെടുകയായിരുന്നു.
