സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കും വ്യക്തിഹത്യക്കുമെതിരെ പ്രതികരിച്ച് നടി ഖുശ്ബു സുന്ദർ. സോഷ്യൽമീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നവരെ തിരിച്ചും അങ്ങനെ പറഞ്ഞാൽ എന്തായിരിക്കും അനുഭവപ്പെടുക എന്നു ചോദിച്ചു കൊണ്ടാണ് ഖുശ്ബു പ്രതികരിച്ചത്. ജെഎഫ്ഡബ്ല്യു ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാ യിരുന്നു നടി.
“ഞാൻ ഒരു പബ്ലിക് ഫിഗറാണ്, അല്ലാതെ പബ്ലിക് പ്രോപ്പർട്ടി അല്ല. അത് വളരെ വ്യക്തമാണ്. നിങ്ങൾ എന്റെ അമ്മയെയോ മക്കളെയോ അധിക്ഷേപിച്ചാൽ തിരിച്ച് ഞാനും അത്തരത്തിൽ സംസാരിക്കേണ്ടി വരും. നിങ്ങൾക്കത് ബുദ്ധിമുട്ട് തോന്നില്ലേ, അത്രയേ ഉള്ളൂ.
നിങ്ങൾക്കത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്റെ മാതാപിതാക്കളെക്കുറിച്ചോ, കുട്ടികളെക്കുറിച്ചോ, എന്നെക്കുറിച്ചോ സംസാരിക്കാൻ നിങ്ങളാരാണ് ?. എന്നെക്കുറിച്ച് അനാവശ്യമായി മ്ലേച്ഛമായ കമന്റുകൾ പറയുന്നവർ വളർന്നുവന്ന സാഹചര്യത്തെക്കുറിച്ചും അവരുടെ മാതാപിതാക്കളെയും ഓർത്ത് എനിക്ക് സഹതാപം മാത്രമാണുള്ളത്”. – ഖുശ്ബു പറഞ്ഞു.
ഇതിന് മുൻപും സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾക്കെതിരെ ഖുശ്ബു പ്രതികരിച്ചിട്ടുണ്ട്. സിനിമകൾക്കൊപ്പം തന്നെ റിയാലിറ്റി ഷോയിൽ അവതാരകയായും തിളങ്ങുകയാണ് നടിയിപ്പോൾ.
