കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ‘ഇന്ദിരാ ഗാരന്റി’ ഒരു വർഷം നടപ്പാക്കണമെങ്കിൽ വേണം 800 കോടിയിലേറെ രൂപ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന യുഡിഎഫിന്റെ ‘ഇന്ദിരാ ഗാരന്റി’ വാഗ്ദാനം നടപ്പാക്കുന്നതിനായുള്ള പ്രാഥമിക കണക്കെടുപ്പ് സർക്കാർ ആരംഭിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥിനികളുടെ കൃത്യമായ എണ്ണം സംബന്ധിച്ച ഏകീകൃത വിവരങ്ങൾ നിലവിൽ സർക്കാരിന്റെ കൈവശമില്ലാത്തതിനാലാണ് വിവരശേഖരണം നടത്തുന്നത്.

ഏറ്റവും പുതിയ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ കണക്കുകൾ പ്രകാരം, കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാർഥികളിൽ 59.47 ശതമാനവും പെൺകുട്ടികളാണ്. സംസ്ഥാനത്ത് ആകെ 10.99 ലക്ഷം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന സാഹചര്യത്തിൽ, ഏകദേശം ഏഴ് ലക്ഷം വിദ്യാർത്ഥിനികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് വിലയിരുത്തൽ.

ഇത്തരത്തിൽ കണക്കാക്കുമ്പോൾ, പദ്ധതിക്കായി പ്രതിമാസം ഏകദേശം 70 കോടി രൂപയും വർഷത്തിൽ 800 കോടിയിലേറെ രൂപയും ചെലവാകുമെന്നാണ് സൂചന. അന്തിമ കണക്കെടുപ്പ് പൂർത്തിയായ ശേഷമേ കൃത്യമായ സാമ്പത്തിക ബാധ്യത വ്യക്തമാകൂ. പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നതും സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്നാണ്.

അതേസമയം, നിലവിൽ വിവിധ വിഭാഗങ്ങൾക്കായി ലഭിക്കുന്ന സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും ഉൾപ്പെടെയുള്ള ധനസഹായ പദ്ധതികളുടെ ഭാവിയും ചർച്ചയാകുന്നുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും വരുമാനാടിസ്ഥാനത്തിലുള്ള വിദ്യാർഥികൾക്കും ലഭിക്കുന്ന നിലവിലെ ആനുകൂല്യങ്ങൾ തുടരുമോ, അതോ ഇന്ദിരാ ഗാരന്റിയുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാഫലത്തിലും പെൺകുട്ടികളുടെ വിജയനിരക്കാണ് കൂടുതലായതിനാൽ, വരും വർഷങ്ങളിൽ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഇനിയും വർധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!