അറഫാ സംഗമം റെക്കോര്‍ഡ് വേഗതയില്‍; രണ്ട് മണിക്കൂര്‍ മുമ്പേ യാത്ര പൂര്‍ത്തിയാക്കി

ജിദ്ദ: ഹജ്ജ് തീര്‍ഥാടകരെ മിനായില്‍ നിന്ന് അറഫാ മൈതാനിയിലേക്ക് റെക്കോര്‍ഡ് വേഗതയില്‍ എത്തിച്ച് സൗദി അറേബ്യ. ഇന്ന് രാവിലെ 07:56-ഓടെ തന്നെ മുഴുവന്‍ തീര്‍ഥാടകരെയും അറഫയില്‍ എത്തിക്കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ തീര്‍ഥാടകരുടെ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക ആന്റ് ഹോളി സൈറ്റ്സിന്റെ എക്സിക്യൂട്ടീവ് വിഭാഗമായ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു.

ബസുകള്‍, അല്‍ മശാഇര്‍ മെട്രോ ട്രെയിന്‍, പരമ്പരാഗത ഗതാഗത മാര്‍ഗങ്ങള്‍ എന്നിവ സമഗ്രമായി സംയോജിപ്പിച്ചാണ് തീര്‍ഥാടകരുടെ യാത്ര സുഗമമാക്കിയത്. ഗതാഗത സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും വേണ്ടി റോയല്‍ കമ്മീഷന്‍ നടപ്പിലാക്കുന്ന വിപുലമായ നവീകരണങ്ങളുടെ ഫലമാണ് റെക്കോര്‍ഡ് നേട്ടമെന്ന് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ വ്യക്തമാക്കി.

നിശ്ചിത സമയക്രമങ്ങളും അംഗീകൃത പ്രവര്‍ത്തന പദ്ധതികളും കൃത്യമായി പാലിച്ചാണ് മൂന്ന് തരം ഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിപ്പിച്ചത്. സുരക്ഷാ-സേവന വിഭാഗങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള തടസ്സമില്ലാത്ത ഏകോപനവും ഒത്തൊരുമയുമാണ് ലക്ഷക്കണക്കിന് വരുന്ന ജനസാഗരത്തിന്റെ നീക്കം ഇത്രയും സുഗമമാക്കാന്‍ സഹായിച്ചതായി അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!