തിരുവനന്തപുരത്ത് വൻ പുകയില വേട്ട… സ്കൂൾ പരിസരത്തെ അറസ്റ്റിൽ തുടങ്ങി, ഒടുവിൽ വാടക വീട്ടിലെ…

തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിമാഫിയക്കെതിരെയുള്ള എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ സ്പെഷ്യൽ ഡ്രൈവിൽ വൻ പുകയില വേട്ട. വിൽപ്പനയ്ക്കായി വാടക വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാക്കമൂല തെറ്റിവിള സ്വദേശി ഷൈജുവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

കല്ലിയൂർ പുന്നമൂട് സ്കൂൾ പരിസരത്ത് നിരോധിത പാൻമസാല ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഷൈജുവിനെ എക്സൈസ് സംഘം ആദ്യം പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തെറ്റിവിളയിൽ തന്നെയുള്ള മറ്റൊരു വീട് വാടകയ്ക്കെടുത്ത് നിരോധിത പുകയില ഉല്പന്നങ്ങൾ വൻതോതിൽ സംഭരിച്ചിരുന്ന രഹസ്യ ഗോഡൗണിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇവിടെ നടത്തിയ പരിശോധനയിലാണ് 1200 കിലോയോളം വരുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.

നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മിന്നൽ പരിശോധന നടന്നത്. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ റോബിൻ വാവാച്ചന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രമേശ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഉമാപതി, അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, വിനോദ് കുമാർ, അഖിൽ, ആദർശ്, വുമൺ സിഇഒ വിഷ്ണുശ്രീ എന്നിവരടങ്ങിയ സംഘമാണ് വിജയകരമായ ഈ റെയ്ഡിന് നേതൃത്വം നൽകിയത്. പിടിയിലായ പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!