ഡെലിവറി ജീവനക്കാരൻ യുവതിയുടെ മുറിയിൽ കയറി നഗ്നതാ പ്രദർശനം നടത്തി; വീഡിയോ പ്രചരിച്ചതിനു പിന്നാലെ അറസ്റ്റ്…

ബെംഗളൂരു: ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരൻ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അറസ്റ്റ്. വിജയ് മല്ലികാർജുൻ കാമത്ത് എന്ന യുവാവിനെയാണ് മാരത്തഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്.

യുവതിയുടെ പരാതിപ്രകാരം, പാഴ്സൽ എത്തിച്ച പ്രതി ബാത്റൂം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അപരിചിതരെ വീട്ടിലേക്ക് പ്രവേശിപ്പിക്കാറില്ലെന്ന് യുവതി അറിയിച്ചെങ്കിലും, കൂടുതൽ സംസാരിക്കാനുമുമ്പ് ഇയാൾ ബലമായി മുറിക്കുള്ളിലേക്ക് കടക്കുകയായിരുന്നു. ബാത്റൂം ഉപയോഗിച്ച ശേഷം പുറത്തുവന്ന പ്രതി യുവതിക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. യുവതി ശക്തമായി പ്രതിഷേധിച്ചതോടെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ യുവതി പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. “സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ല” പറഞ്ഞ് കരയുന്ന യുവതിയെയും, ചോദ്യം ചെയ്തതോടെ പ്രതി വേഗത്തിൽ പുറത്തേക്ക് പോകുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാരത്തഹള്ളി പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഫ്ലിപ്കാർട്ടും വിഷയത്തെ ഗൗരവമായി കാണുന്നുവെന്ന് വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!