തിരുവനന്തപുരം: മാലിന്യം വെറുതെ വലിച്ചെറിയാനുള്ളതല്ല, മറിച്ച് കൃത്യമായി സംസ്‌കരിച്ചാൽ കോടികൾ പണമുണ്ടാക്കാനുള്ളതാണെന്ന് തെളിയിക്കുകയാണ് കേരളം. സംസ്ഥാനത്ത് അജൈവമാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയ്ക്ക് കഴിഞ്ഞ അഞ്ചുവർഷത്തെ വരുമാനമായി ലഭിച്ചത് 40.06 കോടി രൂപയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ക്ലീൻകേരള കമ്പനി വഴിയാണ് ഹരിതകർമസേന ഈ വൻ നേട്ടം കൊയ്തത്.
മലപ്പുറം ജില്ലയിലെ ഒരു ഹരിതകർമ സേനാംഗത്തിന് മാത്രം ഒരു മാസം അറുപതിനായിരത്തിലധികം രൂപ വരെ പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. അജൈവമാലിന്യം ക്ലീൻകേരള കമ്പനി വഴി വിറ്റഴിച്ചാണ് ഹരിതകർമസേനയ്ക്ക് ഈ വേതനം നൽകുന്നത്. 2021-ന് ശേഷമാണ് ക്ലീൻകേരള കമ്പനിയുടെ ഇടപെടലുകൾ ശക്തമായത്. പ്രവർത്തനം തുടങ്ങിയതു മുതൽ ഇതുവരെ ശേഖരിച്ച 2,80,491 ടൺ അജൈവമാലിന്യത്തിൽ 80 ശതമാനവും സംഭരിച്ചത് കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ്. ശേഖരിച്ച മാലിന്യത്തിൽ നിന്നും 3,079 മെട്രിക് ടൺ ഷ്രെഡഡ് പ്ലാസ്റ്റിക് തദ്ദേശസ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും റോഡ് നിർമിക്കാനായി നൽകി. ഇതുപയോഗിച്ച് സംസ്ഥാനത്ത് 7,249 കിലോമീറ്റർ റോഡാണ് പണിതുയർത്തിയത്. സാനിറ്ററി മാലിന്യസംസ്‌കരണത്തിനായി കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മേഖലാപ്ലാന്റുകൾ വരാനിരിക്കുകയാണ്. പ്ലാസ്റ്റിക്കിനെ ഗ്രാന്യൂളാക്കുന്ന ആദ്യ പൊതുമേഖലാ സംരംഭമായ പത്തനംതിട്ട കുന്നന്താനം ഹരിതപാർക്കും കമ്പനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
