വിട്ടുവീഴ്ചകളോടെ യുഡിഎഫ്…അനൂപ് ജേക്കബിന് മന്ത്രിസ്ഥാനം, മാണി സി. കാപ്പന് ഡെപ്യൂട്ടി സ്പീക്കർ പദവി?

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തിലെ തർക്കങ്ങളിൽ വകുപ്പ് വിഭജനത്തിലും മന്ത്രിസ്ഥാനങ്ങളിലും നിർണ്ണായക ധാരണ. രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന കോൺഗ്രസ് ഫോർമുല തള്ളി ഉറച്ചുനിന്ന അനൂപ് ജേക്കബിന് അഞ്ച് വർഷവും മന്ത്രിസ്ഥാനം നൽകാൻ ധാരണയായതായാണ് സൂചന. ഇതോടെ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിലെ തർക്കങ്ങൾക്ക് പരിഹാരമായി.

ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിനൊടുവിൽ അനൂപിന് പൂർണ്ണ കാലാവധി നൽകാൻ കോൺഗ്രസ് തയ്യാറായി. മുൻപ് മന്ത്രിയായിരുന്ന പശ്ചാത്തലവും അദ്ദേഹം ചർച്ചകളിൽ ഉയർത്തിയിരുന്നു. പാലായിൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നൽകിയ ‘കൊടിവെച്ച കാർ’ വാഗ്ദാനം കാപ്പൻ ചർച്ചകളിൽ ഓർമ്മിപ്പിച്ചു. നിലവിൽ കാപ്പന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകി അനുനയിപ്പിക്കാനാണ് നീക്കം. ‘ടീം യുഡിഎഫിന്റെ’ ഭാഗമായ തനിക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്ന് അദ്ദേഹം കർശനമായി ആവശ്യപ്പെട്ടിരുന്നു.

രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ നിന്ന് ജോസഫ് വിഭാഗം പിന്നോട്ടുപോയി. പകരം ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും എന്ന കോൺഗ്രസ് ഫോർമുല അവർ അംഗീകരിച്ചു. ജലസേചന വകുപ്പാണ് ജോസഫ് വിഭാഗത്തിന് ലഭിക്കുക. ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയതോടെ സതീശൻ മന്ത്രിസഭയുടെ ചിത്രം ഏകദേശം വ്യക്തമായിരിക്കുകയാണ്. ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!