രണ്ടുമാസം മുൻപ് പുലിയുടെ ആക്രമണമേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു…

കൊല്ലം: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ടു മാസം മുൻപാണ് കുഞ്ഞമ്മയ്ക്ക് പുലിയുടെ ആക്രമണമേൽക്കുന്നത്. എന്നാൽ ഇവർ കൃത്യമായ ചികിത്സ തേടുകയോ വാക്‌സിനേഷൻ എടുക്കുകയോ ചെയ്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

രണ്ടു മാസം മുൻപ് രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് കുഞ്ഞമ്മയ്ക്ക് പരിക്കേൽക്കുന്നത്. വീട്ടിലെ വളർത്തുനായയെ പിടികൂടാനായി പുലി പിന്തുടർന്ന് എത്തിയതായിരുന്നു. രക്ഷപ്പെടാനായി നായ കുഞ്ഞമ്മയുടെ അരികിലേക്ക് ഓടിക്കയറി. ഇതിനിടെ നായയെ പിടിക്കാനുള്ള പുലിയുടെ ശ്രമത്തിനിടയിലാണ് കുഞ്ഞമ്മയുടെ ശരീരത്തിൽ നഖങ്ങൾ കൊണ്ട് നിസ്സാരമായി പരിക്കേറ്റത്. എന്നാൽ, വീട്ടമ്മയ്ക്ക് പേവിഷബാധയേറ്റത് പുലിയുടെ ആക്രമണത്തിൽ നിന്നാണോ അതോ വളർത്തുനായയിൽ നിന്നാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം രണ്ടിനാണ് കുഞ്ഞമ്മയ്ക്ക് കടുത്ത പനിയും വിറയലും അനുഭവപ്പെടുന്നത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

എന്നാൽ, മെഡിക്കൽ കോളേജിലേക്ക് പോകാൻ തയാറാകാതിരുന്ന വീട്ടമ്മ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് ഓട്ടോറിക്ഷയിൽ ആര്യങ്കാവിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടർന്ന് താലൂക്ക് ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയാ യിരുന്നു. തെന്മല പോലീസ് കൃത്യസമയത്ത് ഇടപെട്ട് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ വഴിയിൽ തടഞ്ഞുനിർത്തുകയും, ആംബുലൻസ് വരുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.

ചികിത്സയിലിരിക്കെയാണ് കുഞ്ഞമ്മയുടെ മരണം സംഭവിച്ചത്. പേവിഷബാധയെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച മെഡിക്കൽ കോളേജിന്റെ അറിയിപ്പ് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) മുഖേന പുനലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!