തിരുവല്ല : മാറിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക-സാങ്കേതിക ലോകത്തിനനുസരിച്ച് വിദ്യാഭ്യാസവും അക്കാദമിക പരിപാടികളും മാറണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. പുതിയ അറിവുകൾ അതിവേഗം സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണിത്. പഠിച്ചിറങ്ങുമ്പോഴേക്കും പല അറിവുകളും കാലഹരണപ്പെടുന്ന സാഹചര്യത്തിൽ നിരന്തരമായ അറിവ് പുതുക്കൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാർത്തോമ്മാ കോളേജ് തിരുവല്ലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
1952ൽ ആരംഭിച്ച കോളേജിന്റെ 75 വർഷത്തെ വിദ്യാഭ്യാസ സേവനത്തെ അദ്ദേഹം അനുസ്മരിച്ചു. ദീർഘവീക്ഷണത്തോടെ കോളേജ് സ്ഥാപിക്കുകയും തലമുറകളിലൂടെ സ്ഥാപനത്തെ വളർത്തുകയും ചെയ്ത അധ്യാപകരെയും മുൻ പ്രിൻസിപ്പൽമാ രെയും അദ്ദേഹം ആദരവോടെ സ്മരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാ ണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേകിച്ച് ആരോഗ്യരംഗത്ത് പുതിയ സാങ്കേതികവിദ്യകൾ രോഗനിർണയ ത്തിലും ചികിത്സയിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്.പുതിയ അറിവുകൾ അതിവേഗം സൃഷ്ടിക്ക പ്പെടുന്ന സാഹചര്യത്തിൽ പഴയ അറിവുകൾ മാത്രം പഠിപ്പിക്കുന്ന വിദ്യാഭ്യാസരീതി തുടരാനാകില്ല. അധ്യാപകരും വിദ്യാർഥികളും നിരന്തരം അറിവ് പുതുക്കുന്ന രീതിയിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കാലത്തിന്റെ തൊഴിൽ സാധ്യതകൾക്ക് അനുയോജ്യമായ കോഴ്സുകൾ ആരംഭിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മേഖലയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ശക്തമായ ബന്ധം ഉണ്ടാകണം. പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ ലഭിക്കുന്ന തരത്തിൽ അക്കാദമിക പരിപാടികൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ വിവിധ തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് അതിനനുസരിച്ച് പാഠ്യപദ്ധതികളിൽ മാറ്റം വരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകൾ ആരംഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം നേരിടുന്ന ജനസംഖ്യാ മാറ്റവും യുവതലമുറയുടെ കുറയുന്ന എണ്ണവും ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവാക്കൾ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് പോകുന്ന പ്രവണത കുറയ്ക്കാൻ കേരളത്തിൽ തന്നെ മികച്ച അക്കാദമിക-തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം.“കുട്ടികളെ പുറത്തേക്ക് വിടുന്നതല്ല, അവർ ഇവിടെ പഠിക്കുകയും ഇവിടെത്തന്നെ ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം” എന്ന ആശയമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. മികച്ച കോഴ്സുകളും വ്യവസായ ബന്ധവും തൊഴിൽ സാധ്യതകളും ഉറപ്പാക്കിയാൽ യുവതലമുറയെ കേരളത്തിൽ നിലനിർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജനനനിരക്ക് കുറയുന്നതിനൊപ്പം ആയുർദൈർഘ്യം വർധിക്കുന്ന സാഹചര്യത്തിൽ കേരളം പുതിയ സാമൂഹിക-സാമ്പത്തിക ആസൂത്രണം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവജനങ്ങളുടെ എണ്ണം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം.
മുതിർന്ന പൗരന്മാരെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം കാണാതെ അവരുടെ അറിവും അനുഭവവും സമൂഹത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റണം. മുതിർന്നവരെയും യുവതലമുറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആവശ്യമാണ്. പ്രായമായവർക്ക് ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുന്ന ആധുനിക സംവിധാനങ്ങളും വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ദീർഘായുസ്സിന് അനുസരിച്ച് ജീവിത ആസൂത്രണവും വേണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യന്റെ ആയുർദൈർഘ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജീവിതത്തെക്കുറിച്ചുള്ള ആസൂത്രണത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോലി ചെയ്യുന്ന കാലഘട്ടത്തിൽ തന്നെ വിരമിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ച് ആസൂത്രണം ചെയ്യണം. യുവാക്കൾക്കും ജോലി ചെയ്യുന്നവർക്കും മുതിർന്നവർക്കും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് കൃത്യമായ ആസൂത്രണം ആവശ്യമാണ്.വിരമിക്കൽ ജീവിതത്തിന്റെ അവസാനമല്ലെന്നും അനുഭവസമ്പത്തും അറിവും സമൂഹത്തിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന സജീവമായ കാലഘട്ടമായി അതിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേതൃത്വം നൽകണം എന്ന് അദ്ദേഹം നിർദ്ദേശിച്ചുനാടിന്റെ ഭാവിയെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളായ വിദ്യാഭ്യാസം, തൊഴിൽ, ജനസംഖ്യാപരമായ മാറ്റങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, യുവതലമുറയുടെ ഭാവി തുടങ്ങിയവയെ ക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.“ഇത് വൈകിയെങ്കിലും ഇനിയും വൈകിയിട്ടില്ല. ഇപ്പോഴാണ് ശരിയായ സമയം” എന്ന സന്ദേശത്തോടെ കേരളത്തിന്റെ ഭാവിയെക്കുറിച്ച് കൃത്യമായ ആസൂത്രണം നടത്തി മുന്നോട്ടുപോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുതുതായി അനുവദിച്ച കോഴ്സുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കോളേജ് മാനേജർ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷനായി.പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള വിവിധ പദ്ധതികളുടെ അവതരണം കോളേജ് ട്രഷറർ തോമസ് കോശി നിർവഹിച്ചു. ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം തിരുവല്ല നിയോജകമണ്ഡലം എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ നിർവഹിച്ചു.പ്രശസ്ത ചലച്ചിത്ര സംവിധായകനും കോളേജിന്റെ പൂർവവിദ്യാർഥിയുമായ ബ്ലെസ്സി ഐപ്പ് തോമസ് കോളേജിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനം നിർവഹിച്ചു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭാ സെക്രട്ടറി റവ. ഡാനിയൽ വർഗീസ്, തിരുവല്ല നഗരസഭാ അധ്യക്ഷ എസ്. ലേഖ, കോളേജ് ഗവേണിംഗ് കൗൺസിലിലെ അധ്യാപക പ്രതിനിധി മനേഷ് ജേക്കബ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു വർഗീസ് ടി. കെ. കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ജനറൽ കൺവീനർ ഡോ. ടീന ടി. എലിസബത്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
