സൂപ്പർ മാർക്കറ്റ് തുടങ്ങി, പണം പിരിച്ചു, പിന്നെ പൂട്ടി മുങ്ങി… തലക്കുളത്തൂരിൽ 20 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: സൂപ്പർ മാർക്കറ്റിന്റെ പാർട്ണർഷിപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ യുവാവ് എലത്തൂർ പോലീസിന്റെ പിടിയിലായി.

മലപ്പുറം ഏറനാട് വാഴൂർ ഈസ്റ്റിൽ താമസിക്കുന്ന അമ്പലപ്പുറത്ത് വീട്ടിൽ അശ്വിൻ ദേവി (34)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ എലത്തൂർ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കോഴിക്കോട് അണ്ടിക്കോട് ഭാഗത്ത് ‘എസ്.ഡി’ എന്ന പേരിൽ സൂപ്പർ മാർക്കറ്റ് ആരംഭിച്ചാണ് അശ്വിൻ തട്ടിപ്പിന് തുടക്കമിട്ടത്. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം നൽകാമെന്ന് പറഞ്ഞ് പ്രദേശവാസികളിൽ നിന്ന് വൻതുക കൈക്കലാക്കി. തലക്കുളത്തൂർ മേഖലയിൽ നിന്ന് മാത്രം ഏകദേശം 20 ലക്ഷത്തോളം രൂപ ഇയാൾ പിരിച്ചെടുത്തതായാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

സൂപ്പർ മാർക്കറ്റ് കുറച്ചുദിവസം പ്രവർത്തിപ്പിച്ച ശേഷം അശ്വിൻ തന്നെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. നിലവിൽ മൂന്ന് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. സമാനമായ രീതിയിൽ ഇയാൾ മറ്റ് ജില്ലകളിലും തട്ടിപ്പ് നടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എലത്തൂർ ഇൻസ്‌പെക്ടർ രഞ്ജിത്ത്, എസ്.ഐ എൻ.കെ സഹദ്, എ.എസ്‌.ഐമാരായ പി.കെ സജിത്ത്, ബൈജു, സി.പി.ഒമാരായ പ്രശാന്ത്, മധുസൂദനൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!