പത്തനംതിട്ട സിപിഐഎമ്മിൽ പൊട്ടിത്തെറി; ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വീണാ ജോർജ്

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങളും കടുത്ത വാക്പോരും. ആറന്മുളയിലെ പരാജയത്തിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക്, ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ക്കൊണ്ട് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് രൂക്ഷമായ ഭാഷയിലാണ് മറുപടി നൽകിയത്.

ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് പാർട്ടി ജില്ലാ നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരു ന്നതായി വീണാ ജോർജ് യോഗത്തിൽ വെളിപ്പെടുത്തി. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ ജില്ലാ നേതൃത്വം തയ്യാറായില്ല. ഇതിന് പിന്നാലെ, മണ്ഡലം സെക്രട്ടറി ഓമല്ലൂർ ശങ്കരൻ സ്വയം സ്ഥാനമൊഴിഞ്ഞ സംഭവം പോലും സ്ഥാനാർത്ഥിക്ക് താല്പര്യമില്ലാത്തതി നാലാണ് എന്ന തരത്തിൽ ബോധപൂർവ്വം വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടു.

ചില പാർട്ടി നേതാക്കൾ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചതായും, ഇത് വോട്ടർമാർക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കിയെന്നും വീണ ജോർജ് കുറ്റപ്പെടുത്തി. ഈ വിഷയങ്ങളെ ല്ലാം പാർട്ടി സംസ്ഥാന നേതൃത്വത്തെ നേരിട്ട് അറിയിക്കുമെന്നും അവർ വ്യക്തമാക്കി.

വീണാ ജോർജിന്റെ രൂക്ഷമായ പ്രതികരണത്തിന് വഴിവെച്ചത് യോഗത്തിൽ അവർക്കെതിരെ ഉയർന്ന കടുത്ത വിമർശനങ്ങളായിരുന്നു. ആറന്മുളയിൽ വീണാ ജോർജ് പരാജയപ്പെടാൻ കാരണം അവരുടെ മോശം പെരുമാറ്റമാണെന്ന് യോഗത്തിൽ വിമർശനമുയർന്നു.

പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ലെന്നും, അനാവശ്യമായ പല വിവാദങ്ങളിലും സ്വയം പോയി തലവെച്ചു എന്നും ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ കുറ്റപ്പെടുത്തി. കോൺഗ്രസ് സ്ഥാനാർത്ഥി അബിൻ വർക്കിയോടാണ് വീണാ ജോർജ് ആറന്മുളയിൽ പരാജയ പ്പെട്ടത്. അതേസമയം, പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി മറ്റ് ചില പ്രതിനിധികളും യോഗത്തിൽ ചൂണ്ടിക്കാട്ടി.

പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ തന്നെ വീണാ ജോർജിനെ തോൽപ്പിക്കാൻ വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു എന്ന ഗുരുതരമായ ആരോപണവും യോഗത്തിൽ ഉയർന്നു വന്നു. തോൽവിക്ക് പിന്നാലെ നേതാക്കൾ പരസ്പരം ചെളിവാരിയെറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത് പത്തനംതിട്ട സിപിഐഎമ്മിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!