കൊൽക്കത്ത: ബംഗാളിൽ നഗര മധ്യത്തിൽ നടിക്കു നേരെ ആക്രമണം. രാത്രി കാറോടിച്ചു പോകുകയായിരുന്ന ബംഗാളി നടി പായൽ മുഖർജിക്കു നേരെയാണ് ബൈക്കിലെത്തിയ ആൾ ആക്രമണം നടത്തിയത്. നടി സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആക്രമിച്ചുവെന്നാണ് പരാതി.
നടിയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. രാത്രി സതേൺ അവന്യുവിലൂടെ കാറോടിച്ചു പോകുമ്പോൾ ബൈക്ക് കുറുകെ നിർത്തി ഒരാൾ ആക്രമിക്കുകയായിരുന്നു. കാറിൽ നിന്നു പുറത്തിറങ്ങാൻ ഇയാൾ നടിയോടു ആവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല.
പിന്നാലെ, ബൈക്കിൽ വന്ന ആൾ കല്ലെടുത്ത് ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു. ചില്ല് കൊണ്ടു നടിയുടെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ട്. വനിതാ ഡോക്ടർ പിഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം നടക്കുന്നതിനിടെയാണ് നടിക്കു നേരെയുള്ള ആക്രമണം.