‘വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി നയിക്കട്ടെ… പള്ളുരുത്തിയിൽ ‘സതീശൻ-ഷാഫി’ഫ്ലക്സ്..ഹൈക്കമാൻഡ് വിലക്കിയിട്ടും കോൺഗ്രസിൽ പോര് മുറുകുന്നു

കൊച്ചി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തെരുവിലേക്ക്. എറണാകുളം പള്ളുരുത്തിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ചുകൊണ്ട് ഉയർന്ന ഫ്ലക്സ് ബോർഡുകളാണ് ഇപ്പോൾ ചർച്ചാവിഷയം.


“വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി കോൺഗ്രസിനെ നയിക്കട്ടെ” എന്ന വാചകങ്ങളാണ് ഫ്ലക്സിലുള്ളത്. കോൺഗ്രസ് ഐ പള്ളുരുത്തി മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ വരണമെന്ന കൃത്യമായ സൂചനയാണ് ഇതിലൂടെ മണ്ഡലം കമ്മിറ്റി നൽകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി അണിയറയിൽ ശക്തമായ നീക്കങ്ങൾ നടക്കുകയാണ്. ഇതിനിടെ ഇത്തരം പരസ്യമായ പ്രകടനങ്ങളും ഫ്ലക്സുകളും പാടില്ലെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് ഇപ്പോൾ പള്ളുരുത്തിയിൽ ബോർഡ് ഉയർന്നിരിക്കുന്നത്.

അതേസമയം, കെ.സി. വേണുഗോപാലിന് അനുകൂലമായ കാറ്റാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ വീശുന്നത്. എം.എൽ.എമാരിൽ ഭൂരിഭാഗം പേരും വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ തുടങ്ങിയ പ്രമുഖ എം.പിമാരും അദ്ദേഹത്തിനൊപ്പമാണ്. എന്നാൽ, ജനവികാരം കൂടി പരിഗണിക്കണമെന്ന് വി.ഡി. സതീശനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. ഷാഫി പറമ്പിൽ നേരത്തെ കെ.സി. വേണുഗോപാലിനെ പിന്തുണച്ചിരുന്നുവെങ്കിലും, സതീശനെയും ഷാഫിയെയും ചേർത്തുവെച്ചുള്ള പുതിയ ഫ്ലക്സ് അണികൾക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!