മുഖ്യമന്ത്രി പ്രഖ്യാപനം… “വേവുവോളം കാത്തെങ്കിൽ ആറുവോളം കാക്കാം”… രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലെ അനിശ്ചിതത്വത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ കാര്യത്തിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് പാർട്ടിയുടെ സ്വാഭാവികമായ നടപടിക്രമമാണെന്നും ചർച്ചകൾ അതിന്റെ ഭാഗമാണെന്നും മുരളീധരൻ വ്യക്തമാക്കി. പുതിയ ആളുകൾ വരുമ്പോൾ തർക്കങ്ങൾ ഉണ്ടാകുക എന്നത് കോൺഗ്രസ് രാഷ്ട്രീയത്തിൽ പതിവാണെന്നും അതിനെ ഗൗരവമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വേവുവോളം കാത്തെങ്കിൽ ആറുവോളം കാക്കാം” എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട്, ഹൈക്കമാൻഡ് തീരുമാനം വരുന്നത് വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെ ന്നും അദ്ദേഹം പറഞ്ഞു.

മെയ് 4-ന് പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ 102 സീറ്റുകൾ നേടിയാണ് യുഡിഎഫ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. നിലവിൽ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായം തേടിക്കഴിഞ്ഞു. അന്തിമ പ്രഖ്യാപനം മെയ് 10ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!