80കാരിയെ കെട്ടിയിട്ട്… ഒളിവിൽ പോയ ഒന്നാം പ്രതി പിടിയിൽ…

ഇടുക്കി : രാജകുമാരിയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന കവർച്ചാക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി പിടിയിലായി. കോട്ടയം സ്വദേശിയായ അൽത്താഫിനെ കോയമ്പത്തൂരിൽ നിന്നാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ മറ്റു മൂന്ന് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. 2025 ഡിസംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാജകുമാരി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ മാതാവ് മറിയക്കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ, ഇവരെ ഊണുമേശയുടെ കാലിൽ തുണികൊണ്ട് കെട്ടിയിടുകയായിരുന്നു.

തുടർന്ന് ഒരു പവൻ വീതമുള്ള മൂന്ന് സ്വർണമോതിരങ്ങളും അലമാരയിലുണ്ടായിരുന്ന 3,000 രൂപയും കവർന്നു. തുടർന്ന് സ്വയം കെട്ടഴിച്ച മറിയക്കുട്ടി വീട്ടിൽനിന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചതോടെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

മറിയക്കുട്ടിയുടെ മകളുടെ മകൻ പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ, സുഹൃത്തുക്കളായ കാഞ്ഞിരപ്പള്ളി സ്വദേശിനി അനില, തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ എന്നിവരും അൽത്താഫിനൊപ്പം കവർച്ചയിൽ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ദിവസങ്ങൾക്കകം സോണിയയെ മണർകാട്ടുള്ള വാടകവീട്ടിൽനിന്നും സൈബു തങ്കച്ചനെയും അനിലയെയും പാലക്കാട്ടുനിന്നുമാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!