കൊച്ചി : സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് പവന് ഒരു ലക്ഷത്തിന് മുകളിലെത്തിയിട്ടും അക്ഷയതൃതീയ ദിനത്തിൽ വിപണിയിൽ വൻ തിരക്ക്. വിലക്കയറ്റം വകവെക്കാതെ ഐശ്വര്യത്തിനായി ‘ഒരു തരി പൊന്ന്’ വാങ്ങാൻ ജ്വല്ലറികളിലേക്ക് ജനങ്ങൾ ഒഴുകുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പവന് 42,400 രൂപയുടെ വൻ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ ഗ്രാമിന് 8,980 രൂപയും പവന് 71,840 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് ഗ്രാമിന് 14,080 രൂപയായും പവന് 1,14,240 രൂപയായും വർദ്ധിച്ചു. സാധാരണ ദിവസങ്ങളിൽ 200 മുതൽ 300 കോടി വരെ കച്ചവടം നടക്കുന്ന സ്ഥാനത്ത്, അക്ഷയതൃതീയ ദിനത്തിൽ 1,500 കോടി രൂപയുടെ സ്വർണ്ണം വിറ്റഴിയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വില കൂടിയതോടെ മൂക്കുത്തി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. പണിക്കൂലിയിൽ 50 ശതമാനം വരെ ഇളവുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ ജ്വല്ലറികൾ മത്സരത്തിലാണ്. ഇത്തവണ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴിയും സ്വർണ്ണവും വെള്ളിയും വാങ്ങാനുള്ള സൗകര്യമുണ്ട്. വിവിധ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ വീട്ടിലെത്തും.
സ്വർണ്ണവില കുതിച്ചുയരുന്നത് നിക്ഷേപകർക്ക് വലിയ ലാഭമാണ് നൽകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗോൾഡ് ഇടിഎഫുകളിൽ (Gold ETF) നിക്ഷേപിച്ചവർക്ക് 61 ശതമാനം വരെ റിട്ടേൺ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയും ചേർത്ത് ഏകദേശം 1,23,500 രൂപ നൽകേണ്ടി വരും.
