വാംഖഡെ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ മികച്ച സ്‌കോറുയര്‍ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. തുടര്‍ തോല്‍വികളില്‍ നട്ടംതിരിയുന്ന ഇരു ടീമുകളും ഇന്നു ജയത്തിലൂടെ വിജയ വഴിയിലെത്താനുള്ള ശ്രമത്തിലാണ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് തൂക്കി. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇതുവരെ ഫോമിലെത്താതെ നിന്ന നിക്കോളാസ് പൂരാന്‍ സീസണില്‍ ആദ്യമായി മികവിലേക്കുയര്‍ന്നതോടെയാണ് ലഖ്‌നൗ മികച്ച സ്‌കോറുയര്‍ത്തിയത്. പൂരാന്‍ 8 സിക്‌സും ഒരു ഫോറും സഹിതം 21 പന്തില്‍ 63 റണ്‍സ് തൂക്കി.
ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 25 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 44 റണ്‍സെടുത്തു പൂരാനെ പിന്തുണച്ചു. സഹ ഓപ്പണര്‍ ജോഷ് ഇംഗ്ലിസ് (13), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (15), അക്ഷത് രഘുവംശി (11) എന്നിവര്‍ക്കു തിളങ്ങാനായില്ല.
പിന്നീട് ക്രീസിലെത്തിയ എയ്ഡന്‍ മാര്‍ക്രം (പുറത്താകാതെ 25 പന്തില്‍ 31 റണ്‍സ്), ഹിമ്മത് സിങ് (പുറത്താകാതെ 31 പന്തില്‍ 40 റണ്‍സ്) എന്നിവര്‍ ചേര്‍ന്നു പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ എത്തിച്ചു. ഹിമ്മത് 2 വീതം സിക്‌സും ഫോറും തൂക്കി.
കോര്‍ബിന്‍ ബോഷ് മുംബൈക്കായി 2 വിക്കറ്റെടുത്തു. ഗസ്‌നാഫര്‍, വില്‍ ജാക്‌സ്, രഘു ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
