വഡോദര: 38.3 ഓവറില്‍ പിറന്നത് 403 റണ്‍സ്. ഇരു ടീമുകളും ചേര്‍ന്ന് അടിച്ചെടുത്തത് 16 സിക്‌സുകള്‍! വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് വെടിക്കെട്ട് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഗുജറാത്ത് ജയന്റ്‌സിനെ 6 വിക്കറ്റിനു വീഴ്ത്തി മിന്നും തുടക്കമിട്ടു. 9 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് സ്മൃതി മന്ധാനയും സംഘവും വിജയക്കുതിപ്പ് തുടങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് അടിച്ചെടുത്തു. ആര്‍സിബിയുടെ മറുപടി അതേ നാണയത്തില്‍. അവര്‍ 18.3 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 202 റണ്‍സ് സ്വന്തമാക്കിയാണ് വിജയമുറപ്പിച്ചത്.
ആര്‍സിബിക്കായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് കത്തിക്കയറും ബാറ്റിങുമായി കളം വാണു. വെറും 27 പന്തില്‍ താരം 64 റണ്‍സ് അടിച്ചെടുത്തു. 7 ഫോറും 4 സിക്‌സും സഹിതം താരം പുറത്താകാതെ നിന്നു. എല്ലിസ് പെറി 34 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 57 റണ്‍സും കണ്ടെത്തി. റിച്ചയ്‌ക്കൊപ്പം പുറത്താകാതെ 13 പന്തില്‍ 4 ഫോറുകള്‍ സഹിതം 30 റണ്‍സ് വാരി കനിക അഹുജയും തിളങ്ങിയതോടെ അവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ജയം തൊട്ടു. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ റിച്ച- കനിക സഖ്യം വെറും 37 പന്തിൽ അടിച്ചെടുത്തത് 93 റൺസ്.
ക്യാപ്റ്റന്‍ സ്മൃതി മന്ധാനയ്ക്ക് തിളങ്ങാന്‍ സാധിച്ചില്ല. താരം 9 റണ്‍സുമായി മടങ്ങി. സഹ ഓപ്പണര്‍ ഡാനി വ്യാറ്റിനും അധികം ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. താരം 4 റണ്‍സുമായി മടങ്ങി. 14 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ശേഷമാണ് ആര്‍സിബിയുടെ തിരിച്ചടി.