കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ…

കൊല്ലം: കേരളത്തിലേക്ക് മാരക രാസലഹരികൾ കടത്തുന്ന അന്തർസംസ്ഥാന സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പോലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളായ കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ജിതിൻ ജെ കുമാർ, ആദിനാട് സ്വദേശി മുർഷിദ് നൗഷാദ്, കർണാടക ഷിമോഗ സ്വദേശി മാലിക് റെഹാൻ ഖാസി എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ശാസ്താംകോട്ട ഐസിഎസ് ജംഗ്ഷനിൽ നിന്ന് എംഡിഎംഎയുമായി ഒരു യുവതി പിടിയിലായതോടെയാണ് ഈ ലഹരി ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ഈ കേസിൽ പ്രതിയായ ഷംനാദിനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ബംഗളൂരുവിൽ നടത്തിയ തെളിവെടുപ്പാണ് നിർണ്ണായകമായത്. കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ഷംനാദ്. ഷംനാദിന് ലഹരിമരുന്ന് കൈമാറിയിരുന്നത് ഇപ്പോൾ പിടിയിലായ മൂവർ സംഘമാണെന്ന് പോലീസ് കണ്ടെത്തി.

ശാസ്താംകോട്ട ഡിവൈഎസ്പി പ്രസാദിന്റെ നിർദ്ദേശപ്രകാരം എസ്എച്ച്ഒ മൃദുൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ബംഗളൂരുവിൽ പരിശോധന നടത്തിയത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.

എസ്ഐ ശരത് കെ പി, എഎസ്ഐ ബിജു കെ ആർ, സിപിഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കൊല്ലത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പക്കൽ നിന്ന് കൂടുതൽ ലഹരി ഇടപാടുകളെക്കുറിച്ചും കേരളത്തിലെ മറ്റ് ഏജന്റുമാരെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ലഹരി മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ ഡി-ഹണ്ട്’ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അതിർത്തി കടന്നുള്ള ഈ സുപ്രധാന അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!