വടകര എംഡിഎംഎ കേസ്: മുഖ്യ ആസൂത്രക കീർത്തനയെന്ന് പൊലീസ്; നിർണായക തെളിവുകൾ ഫോണിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ മുഖ്യ ആസൂത്രക കീർത്തനയാണെന്ന് പൊലീസ്. ലഹരി ഇടപാടിലേക്ക് മറ്റ് അധ്യാപികമാരെ എത്തിച്ചതും കീർത്തനയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കേസിലെ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

കീർത്തനയുടെ മൊബൈൽ ഫോണിൽ നിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ടതായി കരുതുന്ന ചിത്രങ്ങളും ചാറ്റ് സന്ദേശങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൂടാതെ, കീർത്തനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കേസിലെ മറ്റ് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ കീർത്തന നിഷേധിച്ചു. താൻ ഒരു അധ്യാപികയും അമ്മയുമാണെന്നും ലഹരി ഇടപാടുകളുമായി യാതൊരു ബന്ധവുമില്ലെന്നും കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു.

ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന ആരോപണവും കീർത്തന തള്ളി. ഗ്രാമീണ ബാങ്കിലെയും കൊയിലാണ്ടി കാനറ ബാങ്കിലെയും അക്കൗണ്ടുകൾ ലോൺ ബാധ്യത മൂലം മൈനസിലാണെന്നും, വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. അന്വേഷണസംഘം പറയുന്നതെല്ലാം അന്തിമസത്യമാണെന്ന് കരുതരുതെന്നും, യഥാർഥ വസ്തുതകൾ പുറത്തുവരാൻ മാധ്യമങ്ങൾ കാത്തിരിക്കണമെന്നും കീർത്തന ആവശ്യപ്പെട്ടു.

രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ച കീർത്തനയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി ശൃംഖലയിലെ മറ്റ് കണ്ണികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കേസിൽ അറസ്റ്റിലായ മറ്റ് അധ്യാപികമാരായ കാവ്യയെയും നീഷ്മയെയും അടുത്ത ഘട്ടത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!