എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നു ; കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി കൊന്ന തൃണമൂലിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പശ്ചിമ ബംഗാളിലെ അസൻസോളിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലാണ് രാഹുൽ ഗാന്ധി തൃണമൂലിനെതിരെ വിമർശനം ഉന്നയിച്ചത്.

ബംഗാളിൽ ജനാധിപത്യം അപകടത്തിലാണെന്നും എതിർസ്വരങ്ങളെ അടിച്ചമർത്താനാണ് തൃണമൂൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അസൻസോളിലെ പ്രാദേശിക കോൺഗ്രസ് നേതാവിനെ ഒരു സംഘം തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും വെടിവെച്ചു കൊല്ലുകയും ആയിരുന്നു.

ബംഗാളിൽ പ്രതിപക്ഷ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് കൊല്ലപ്പെട്ട പ്രവർത്തകനെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

ബംഗാളിൽ ജനാധിപത്യം ക്രൂരമായി അടിച്ചമർത്തപ്പെടുകയാണ്. എതിർത്തു സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും നിശബ്ദരാക്കാം എന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണ്. ഞങ്ങളുടെ പ്രവർത്തകന്റെ ബലിദാനം വെറുതെയാവില്ല. നീതിക്കായി ഞങ്ങൾ പോരാടും എന്നും രാഹുൽ ഗാന്ധി സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!