ഇടുക്കി : കട്ടപ്പനയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറിയ ഇതര സംസ്ഥാന തൊഴിലാളി വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിലാക്കി. മദ്യലഹരിയിലായിരുന്ന ഇയാൾ, സ്വന്തം വീടാണെന്ന് തെറ്റിദ്ധരിച്ചാണ് വീട്ടിൽ കയറിയതെന്നാണ് പോലീസിന് നൽകിയ വിശദീകരണം.
പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ ഒരു മുറിക്കുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇയാൾ അകത്തുകയറിയ ഉടൻ തന്നെ മുറിയുടെ വാതിൽ ലോക്കായി. വീട്ടിൽ അപരിചിതനെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തരാകുകയും ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 12 വർഷമായി കേരളത്തിൽ ജോലി ചെയ്തുവരുന്നയാളാണ് ഇയാൾ. വീടെവിടെയാണെന്ന പോലീസിന്റെ ചോദ്യത്തിന്, തൊട്ടടുത്താണെന്ന് ഇയാൾ ചൂണ്ടിക്കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. സ്വന്തം താമസ്ഥലം മാറിപ്പോയതാണെന്ന ഇയാളുടെ വിചിത്രമായ മറുപടി കേട്ട് പോലീസ് പോലും അല്പനേരം അമ്പരന്നു പോയി.
