ചെന്നൈ: മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നടന്ന വൻ സ്വർണക്കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിനായുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ച് തമിഴ്നാട് പൊലീസ്. കവർച്ചയ്ക്ക് പിന്നാലെ ട്രെയിൻ മാർഗം ഇയാൾ കേരളത്തിലെത്തിയി രിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മൂന്നാറിലും പരിസര പ്രദേശങ്ങളിലും വിനോദയാത്ര നടത്തിയതിന്റെ വിഡിയോകൾ നിഷാന്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കണ്ടെത്തിയതാണ് കേരളത്തിലേക്കും അന്വേഷണം നീളാൻ കാരണം.
കേസുമായി ബന്ധപ്പെട്ട് നിഷാന്തിന്റെ പിതാവ് സുരേഷിനെയും സുഹൃത്തും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മീനാക്ഷി നാച്ചിയാറിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓട്ടോ ഡ്രൈവറായ സുരേഷിന്റെ മകനായ നിഷാന്ത് ആഡംബര ജീവിതത്തോടുള്ള മോഹമാണ് കവർച്ചയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കവർച്ചയുടെ ആസൂത്രണത്തിനു പിന്നിൽ മീനാക്ഷിയാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു.യുട്യൂബിൽനിന്നു ലഭിച്ച വരുമാനം ഉപയോഗിച്ച് വീട് നിർമിക്കുകയാണെന്ന് കഴിഞ്ഞ ഒക്ടോബറിൽ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. നിർമാണത്തിനായി പണം തികയാതെ വന്നതാണോ കവർച്ചയ്ക്ക് പ്രേരണയായതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ചോദ്യം ചെയ്യലിനിടെ നിഷാന്തുമായുള്ള ബന്ധം മീനാക്ഷി നിഷേധിച്ചതായാണ് വിവരം.
യുട്യൂബിൽനിന്നു ലഭിച്ച വരുമാനം ഉപയോഗിച്ച് വീട് നിർമിക്കുകയാണെന്ന് കഴിഞ്ഞ ഒക്ടോബറിൽ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. നിർമാണത്തിനായി പണം തികയാതെ വന്നതാണോ കവർച്ചയ്ക്ക് പ്രേരണയായതെന്നും.
അറസ്റ്റിനു പിന്നാലെ മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ വർധനയുണ്ടായതും ശ്രദ്ധേയമായി. കഴിഞ്ഞ 12ന് പുലർച്ചെയാണ് മധുര ബൈപാസിലുള്ള തനിഷ്കിന്റെ പുതിയ ഷോറൂമിൽനിന്ന് കിലോക്കണക്കിന് സ്വർണവും വജ്രാഭരണങ്ങളും കവർന്നത്. കവർച്ച ചെയ്യപ്പെട്ട ആഭരണങ്ങൾ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.
എന്നാൽ നഷ്ടപ്പെട്ട സ്വർണത്തിന്റെയും വജ്രാഭരണങ്ങളുടെയും കൃത്യമായ അളവ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി
വൻസംഘം ആസൂത്രണം ചെയ്ത കവർച്ചയാണെന്ന സംശയത്തിലായിരുന്നു തുടക്കത്തിൽ പൊലീസ് അന്വേഷണം. ദീപാവലി വിപണി ലക്ഷ്യമിട്ട് നിർമാണം പൂർത്തിയാകുന്നതിനു മുൻപുതന്നെ ഷോറൂം തുറന്നതിനാൽ കെട്ടിടത്തിന്റെ പിൻഭാഗത്തെ പലകത്തട്ട് നീക്കം ചെയ്തിരുന്നില്ല. പ്രവർത്തനം ആരംഭിക്കാത്ത ലിഫ്റ്റ് ഭാഗത്തുകൂടി കടന്ന് ഭിത്തി തകർത്താണ് നിഷാന്ത് ജ്വല്ലറിക്കുള്ളിൽ പ്രവേശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കവർച്ചയ്ക്ക് മുൻപ് നിഷാന്ത് രണ്ടുതവണ ജ്വല്ലറിയിലെത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി. മോഷണസമയത്ത് ധരിച്ചിരുന്ന തൊപ്പിയാണ് ഇയാളെ തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് സഹായകമായത്. വ്യക്തത കുറഞ്ഞ സിസിടിവി ദൃശ്യങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തിയാണ് പൊലീസ് നിഷാന്തിന്റെ ചിത്രം തയ്യാറാക്കിയത്.
കവർച്ചയ്ക്കുശേഷം നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇയാൾ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് മീനാക്ഷിയിലേക്കും എത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെ കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
നിഷാന്തിന്റെ യാത്രാവിവരങ്ങളും സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോൾ കേരളത്തിലും അന്വേഷണം പുരോഗമിക്കുന്നത്.
