November 16, 2026 Webdesk
ധനുഷ്കോടി : പുതിയ പാമ്പൻ പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ട്രെയിനുകളിൽനിന്ന് കടലിലേക്ക് ചാടി രണ്ടു പേർ. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി രാമേശ്വരത്തുനിന്ന് മധുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിൻ പാമ്പൻ പാലത്തിലെത്തിയപ്പോഴാണ് പുരുഷൻ കടലിലേക്ക് ചാടിയത്. ഇയാളുടെ മൃതദേഹം പിന്നീട് മുള്ളിമുനൈ ദ്വീപിന് സമീപം കരയ്ക്കടിഞ്ഞു. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
രണ്ടാമത്തെ സംഭവം ഞായറാഴ്ച രാവിലെയാണ് ഉണ്ടായത്. പാലക്കാട്ടുനിന്ന് രാമേശ്വരത്തേക്ക് പോവുകയായിരുന്ന അമൃത എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പാലത്തിനു മുകളിൽവച്ച് കടലിലേക്ക് ചാടിയത്. യുവതി ചാടുന്നത് സഹയാത്രികരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ യുവതിയെ കടലിൽനിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പാമ്പൻ പാലത്തിൽനിന്ന് യാത്രക്കാർ കടലിൽ വീഴുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ട്രെയിനിന്റെ വാതിൽക്കൽനിന്ന് സെൽഫിയെടുക്കുന്ന തിനിടെയും മറ്റുമാണ് പലപ്പോഴും അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. പുതിയ പാലം തുറന്നതോടെ ട്രെയിനുകളുടെ വേഗം പഴയ പാലത്തിലൂടെയുള്ള യാത്രയെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്.
