രാത്രികളില്‍ കുളിരേകി തണുപ്പ് വര്‍ധിക്കുന്നു, ഹൈറേഞ്ചില്‍ പുലര്‍ച്ചെ കോടമഞ്ഞ്; വടക്കുകിഴക്കന്‍ കാറ്റ് സജീവം…

ഇടുക്കി : വടക്കുകിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് രാത്രികാല തണുപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഹൈറേഞ്ച് മേഖലകളിലാണ് തണുപ്പ് കൂടുതല്‍ അനുഭവപ്പെടുന്നത്.

ഉത്തരേന്ത്യയില്‍നിന്നുള്ള തണുത്ത വടക്കുകിഴക്കന്‍ കാറ്റാണ് താപനില കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. തുലാവര്‍ഷം ദുര്‍ബലമായതോടെ ആകാശം തെളിഞ്ഞതും രാത്രിയിലെ തണുപ്പ് വര്‍ധിക്കാന്‍ കാരണമായി. പകല്‍ ഭൂമിയില്‍ ശേഖരിക്കപ്പെടുന്ന ചൂട് രാത്രിയില്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം.

ഇടുക്കി കുണ്ടള ഡാമില്‍ ശനിയാഴ്ച കുറഞ്ഞ താപനില 7.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മൂന്നാറില്‍ 9.7 ഡിഗ്രിയും വട്ടവടയില്‍ 10.9 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. കുണ്ടള, മൂന്നാര്‍, വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ പുലര്‍ച്ചെ കോടമഞ്ഞും ശക്തമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. തേയിലത്തോട്ടങ്ങളിലും തണുപ്പ് വര്‍ധിച്ചിട്ടുണ്ട്.

വരുംദിവസങ്ങളിലും ഹൈറേഞ്ച് മേഖലകളില്‍ രാത്രികാല തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ഡിസംബര്‍ പകുതിയോടെ തണുപ്പ് കൂടുതല്‍ ശക്തമാകാനും സാധ്യതയുണ്ട്.

അതേസമയം, പകല്‍ സമയത്ത് സംസ്ഥാനത്ത് ചൂടിന് കാര്യമായ കുറവില്ല. പലയിടങ്ങളിലും താപനില 32 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. മഴയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരി ക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 14 വരെ സംസ്ഥാനത്ത് 21 ശതമാനം മഴക്കുറവുണ്ടായി. 404.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 321 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!