ശോഭസുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി… കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന്…

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതിയിൽ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കാണ് കളക്ടർ റിപ്പോർട്ട് സമർപ്പിക്കുക. കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം കൈമാറിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും റിപ്പോർട്ടിനോടൊപ്പം സമർപ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ റിപ്പോർട്ട് ലഭിച്ചതിനു ശേഷമാകും വ്യക്തമാകുക.

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നത്. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പണവും സാരിയും നല്‍കി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്ത് വിടുകയായിരുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകരെത്തിയത്.   

ദേവു എന്ന വയോധികയ്ക്ക് ശോഭയ്ക്കൊപ്പമെത്തിയ യുവതി പണം കൈമാറിയതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തു. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ശോഭയും കൂട്ടരും അപകടം തിരിച്ചറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരോട് ക്ഷോഭിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!