കോഴിക്കോട് : കൊട്ടിയാഘോഷിച്ച് ഇറങ്ങിയ നവകേരള ബസിനെ ഏറ്റെടുക്കാതെ യാത്രക്കാർ. ഈ മാസം 5ന് സർവീസ് തുടങ്ങിയ ബസില്‍ ആദ്യ ദിവസങ്ങളില്‍ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ സീറ്റുകള്‍ കാലിയായാണ് ഓടിയത്.
കേരള ആർടിസിയുടെ ബെംഗളൂരു-കോഴിക്കോട് ഗരുഡ പ്രീമിയം ബസിനു 26 സീറ്റുകള്‍ ആണുള്ളത്. അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോള്‍ ഡീസലിന് മാത്രം 35,000 രൂപവരെ ചെലവ് വരുന്നുണ്ട്.
ഇരുവശങ്ങളിലേക്കും മുഴുവൻ സീറ്റുകളില്‍ യാത്രക്കാർ കയറിയാല്‍ ടിക്കറ്റിനത്തില്‍ 65,000 രൂപ വരെയാണ് വരുമാനമായി ലഭിക്കുന്നത്. പുലർച്ചെ 4ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 11.30നാണ് ബെംഗളൂരുവിലെത്തേണ്ടത്. തിരിച്ച് 2.30നു ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 10നു കോഴിക്കോടെത്തുന്ന തരത്തിലാണ് നിലവിലെ സമയക്രമം. ഗതാഗതക്കുരുക്കില്‍പെട്ട് ബസ് ബെംഗളൂരുവിലും തിരിച്ച് കോഴിക്കോട്ടും എത്താൻ വൈകുന്നത് പതിവാണ്.
പുലർച്ചെ ആരംഭിക്കുന്ന ബസില്‍ കയറാൻ ദൂരെ പ്രദേശങ്ങളില്‍ നിന്നുള്ളവർ 2 മണിക്കൂർ നേരത്തെയെങ്കിലും വീടുകളില്‍ നിന്ന് പുറപ്പെടണം. തിരിച്ച് കോഴിക്കോട് എത്തുമ്പോള്‍ അർധരാത്രിയാകുന്നതോടെ തുടർയാത്രയും ബുദ്ധിമുട്ടാണ്.
കോഴിക്കോട്ടു നിന്ന് രാവിലെ 6ന് പുറപ്പെടുന്ന തരത്തിലാക്കിയാല്‍ കൂടുതല്‍ പേർക്ക് സൗകര്യപ്രദമാകും. ഒറ്റബസ് ഉപയോഗിച്ചുള്ള സർവീസായതിനാല്‍ ബെംഗളൂരുവില്‍ നിന്നുള്ള മടക്ക സർവീസ് രാത്രിയാക്കുന്നതിനും സാങ്കേതികമായ തടസ്സമുണ്ട്.
ഗരുഡ പ്രീമിയത്തിന്റെ എൻഡ് ടു എൻഡ് ടിക്കറ്റ് മാറ്റി പകരം സ്റ്റേജ് ഫെയറാക്കി മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് 1171 രൂപയാണ് നിരക്ക്. ജിഎസ്ടി ഉള്‍പ്പെടെ 1256 രൂപ നല്‍കണം. സാധാരണ ബസുകളിലെ പോലെ ദൂരം കണക്കാക്കിയുള്ള ടിക്കറ്റ് നിരക്ക് ഈടാക്കുന്നതാണ് സ്റ്റേജ് ഫെയർ. എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാകുമ്ബോള്‍ മൈസൂരു, ബത്തേരി, കല്‍പറ്റ, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവരെല്ലാം മുഴുവൻ നിരക്കും നല്‍കണം. ഫെയർ സ്റ്റേജ് അടിസ്ഥാനത്തിലാക്കിയാല്‍ മൈസൂരുവില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകർഷിക്കാൻ സാധിക്കും.
പുതിയ 40 മള്‍ട്ടി ആക്സില്‍ എസി ബസുകള്‍ എത്തുന്നതോടെ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സർവീസുകള്‍ പുനഃക്രമീകരിക്കാൻ കർണാടക ആർടിസി. നിലവിലുള്ള ഐരാവത് മള്‍ട്ടി ആക്സില്‍ എസി ബസുകള്‍ക്കു പകരമാണു പുതിയ ബസുകള്‍ വാങ്ങുന്നത്. പുതിയ എസി സ്ലീപ്പർ ബസുകള്‍ വരുന്നതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ഉള്‍പ്പെടെയുള്ള റൂട്ടുകളിലേക്കു സീറ്റർ ബസുകള്‍ക്കു പകരം ഇവ സർവീസ് ആരംഭിക്കും.
നിലവില്‍ മള്‍ട്ടി ആക്സില്‍ സ്ലീപ്പർ സർവീസായ അംബാരി ഉത്സവ് തൃശൂർ, എറണാകുളം റൂട്ടുകളിലാണ് ഓടുന്നത്. നോണ്‍ എസി സ്ലീപ്പർ സർവീസായ ‘പല്ലക്കി’ തൃശൂർ റൂട്ടിലും ഓടുന്നുണ്ട്.