ലാഹോർ: പാകിസ്ഥാനിൽ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എല്‍ഇടി) സ്ഥാപക നേതാവ് ആമിർ ഹംസയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു.
ആമിർ ഹംസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ലാഹോറില്‍ വച്ചാണ് സംഭവം.
ലാഹോറിലെ ഒരു വാർത്താ ചാനലിന്റെ ഓഫീസിന് പുറത്ത് വച്ച് അജ്ഞാതരായ ആളുകള്‍ ആമിർ ഹംസയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഒരു വർഷത്തിനുള്ളില്‍ ആമിർ ഹംസയ്ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വർഷം മേയില്‍ വസതിക്ക് മുന്നില്‍വച്ച് അജ്ഞാതരായ ആളുകള്‍ ആമിർ ഹംസയെ വെടിവച്ചിരുന്നു. ഗുരുതര പരിക്കേറ്റ ആമിർ ഹംസ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഇതിനു പിന്നാലെ ഇയാളുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.
1959 മേയ് 10 ന് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രൻവാലയില്‍ ജനിച്ച ആമിർ ഹംസ, 1985-86 കാലത്താണ് ഹാഫിസ് സയീദിനൊപ്പം ലഷ്കർ-ഇ-തൊയ്ബ സ്ഥാപിച്ചത്. ലഷ്കറിന്റെ വക്താവ് കൂടിയായ ഹംസ അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ്. ‘ഖാഫില ദഅ്വത് ഔർ ഷഹാദത്ത്’ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളും ഹംസ എഴുതിയിട്ടുണ്ട്. അമേരിക്ക ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തി കൂടിയാണ് ഹംസ.
ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എല്‍ഇടി) സ്ഥാപക നേതാവ് ആമിർ ഹംസയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു
