പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് നീക്കി; രാഹുലിനെ കസ്റ്റഡിയിലെടുത്തത് ബലം പ്രയോഗിച്ച്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം മൂന്നാം മണിക്കൂറിലേക്ക് കടന്നതോടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് സമരത്തിൽ പങ്കെടുത്തിരുന്ന മറ്റ് കോൺഗ്രസ് എംപിമാരെയും നേതാക്കളെയും പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് സ്ഥലത്തുനിന്ന് നീക്കി.

അറസ്റ്റ് നടപടിക്കിടെ നിരവധി എംപിമാർക്ക് പരിക്കേറ്റതായി കോൺഗ്രസ് ആരോപിച്ചു. വനിതാ എംപിമാരെ ഉൾപ്പെടെ ബലംപ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ മാറ്റിയതെന്നും സമരവേദിയിലേക്ക് കൂടുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയ സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയതെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.

സമരം അവസാനിപ്പിക്കാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഇടപെട്ട് രാഹുൽ ഗാന്ധിയുമായി ഏകദേശം അരമണിക്കൂർ ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പ് ഉണ്ടായില്ല. തുടർന്ന് മന്ത്രി മടങ്ങിയതിനു പിന്നാലെ പോലീസ് പ്രതിഷേധം പിരിച്ചുവിടാൻ നടപടി സ്വീകരിക്കുകയായിരുന്നു.

ഡൽഹി പോലീസിന്റെ സിജെപി പ്രതിഷേധത്തിനുനേരെയുണ്ടായ ലാത്തിച്ചാർജിനെതിരെയായിരുന്നു കോൺഗ്രസിന്റെ സമരം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം സിജെപി പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!