‘യുവജനങ്ങളെ തല്ലിച്ചതയ്ക്കുന്നവർ ഒരുനാൾ ഭരണഘടനയുടെ ലാത്തി നേരിടേണ്ടി വരും’….

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന ‘സൻസദ് ചലോ’ മാർച്ചിൽ പങ്കെടുത്ത പ്രക്ഷോഭകർക്കെതിരെയുണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. യുവജനങ്ങൾക്ക് നേരെ ഭരണകൂടം കാണിച്ച അനീതികളുടെ പട്ടികയിലെ ‘ലജ്ജാകരമായ അധ്യായമാണ്’ ഈ അതിക്രമമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അധികാരത്തിലുള്ളവരുടെ നിർദ്ദേശപ്രകാരം രാജ്യത്തെ യുവജനങ്ങളെ തല്ലിച്ചതയ്ക്കുന്നവർക്ക് ഒരു ദിവസം ഭരണഘടനയുടെ ലാത്തി നേരിടേണ്ടി വരുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.

പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഭാഷയിലാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ ചരിത്രത്തിലെ ‘ഏറ്റവും യുവജന വിരുദ്ധനായ പ്രധാനമന്ത്രി’ എന്ന് രാഹുൽ വിശേഷിപ്പിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ വീഴ്ചകളിൽ സി.ജെ.പി ജന്തർമന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരു മാസം തികഞ്ഞ വേളയിലായിരുന്നു പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ അണിനിരന്ന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മണിക്കൂറുകളോളം ഡൽഹി തെരുവുകളെ പോർക്കളമാക്കിയായിരുന്നു സമരം മുന്നേറിയത്. പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും മർദനവും അഴിച്ചുവിട്ട് തടയാൻ ശ്രമിച്ചെങ്കിലും, സുരക്ഷാ ബാരിക്കേഡുകൾ പൂർണ്ണമായും മറികടന്ന് പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥി സമൂഹം പാർലമെന്റിന്റെ കവാടങ്ങൾക്കരികിലേക്ക് ഇരച്ചെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!