മുംബൈ: ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും ഇനി ബിസിസിഐ റഡാറില്‍. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കാനും ടീമില്‍ സ്ഥാനം ഉറപ്പാക്കാനും സൂര്യ ഇനി നിരവധി കടമ്പകള്‍ താണ്ടേണ്ടി വരും. ലോകകപ്പ് നേടിയെങ്കിലും സമീപ കാലത്ത് ഇന്ത്യക്കായി മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ നായകനു സാധിച്ചിരുന്നില്ല. ഇതോടെയാണ് അദ്ദേഹം നിരീക്ഷണത്തിലേക്ക് വരുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങള്‍ ക്യാപ്റ്റന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കരിയറില്‍ നിര്‍ണായകമാണ്. ക്യാപ്റ്റന്‍സിയെക്കാള്‍ ഉപരി അദ്ദേഹത്തിന്റെ ബാറ്റിങായിരിക്കും ഈ പര്യടനത്തില്‍ പ്രധാനമായും നിരീക്ഷിക്കപ്പെടുക. 2028ലെ ഒളിംപിക്‌സും ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും ഉള്‍പ്പെടെയുള്ള വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകള്‍ വരെ അദ്ദേഹത്തിന് ടീമില്‍ അവസരം നല്‍കണോ എന്ന് ഈ പര്യടനത്തിലെ പ്രകടനം വിലയിരുത്തിയായിരിക്കും തീരുമാനിക്കുക.
മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആദ്യ ചോയ്‌സ് ഇപ്പോഴും സൂര്യകുമാര്‍ തന്നെയാണ്. 2028ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ തന്റെ കരാര്‍ നീട്ടിക്കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുമുണ്ട്.
