ന്യൂഡൽഹി : അതിർത്തിയിലെ കടുത്ത സംഘർഷങ്ങളെ തുടർന്ന് പാകിസ്താനിലേക്കും അത് വഴിയുമുള്ള ട്രാൻസിറ്റ് വ്യാപാരം പൂർണ്ണമായും നിലച്ചതോടെ, ആഭ്യന്തര സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ ഇന്ത്യയിലേക്ക് കണ്ണുംനട്ട് അഫ്ഗാൻ ഭരണകൂടം.
ചുറ്റും കരയാൽ ചുറ്റപ്പെട്ട (Landlocked) അഫ്ഗാനിസ്ഥാന്റെ വിദേശ വ്യാപാരം കാലങ്ങളായി പാകിസ്താൻ വഴിയായിരുന്നു നടന്നിരുന്നത്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കവും പ്രധാനമായും പാക് അതിർത്തികൾ വഴിയാണ് കടന്നുപോയിരുന്നത്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ മൂലം അതിർത്തികൾ അടച്ചതോടെ അഫ്ഗാനിസ്ഥാന്റെ ആഗോള വ്യാപാരം പാടേ സ്തംഭിച്ചു. ഈ വലിയ പ്രതിസന്ധിക്ക് പരിഹാരമായി ഇന്ത്യയുമായി ദീർഘകാല വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിന് തങ്ങൾ തയ്യാറാണെന്ന് അഫ്ഗാനിസ്ഥാൻ ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു.
പാകിസ്താൻ്റെ കടുംപിടുത്തങ്ങൾ മൂലം അഫ്ഗാൻ കർഷകരും വ്യാപാരികളും വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാനെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യാപാരബന്ധം യുദ്ധകാലാടിസ്ഥാനത്തിൽ ശക്തമാക്കണമെന്ന് അഫ്ഗാനിലെ മുൻനിര വ്യവസായികളുടെ സംഘടനകളും ആവശ്യപ്പെട്ടത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം സുഗമമാക്കുന്നതിന് അഫ്ഗാൻ വ്യവസായികൾക്കുള്ള ബിസിനസ് വിസ (Business Visa) നടപടികൾ ഇന്ത്യ ലഘൂകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.
പാകിസ്താൻ ഈ ഉപരോധ നീക്കങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യയുടെ തന്ത്രപ്രധാനമായ ‘ഇറാൻ ഹൈവേ’ പദ്ധതിയായ ചഹബാഹർ തുറമുഖം (Chabahar Port) അഫ്ഗാനിസ്ഥാന് വലിയ തുണയാകും. പാകിസ്താനെ ആശ്രയിക്കാതെ ഇറാൻ വഴി ഇന്ത്യയിലേക്ക് നേരിട്ട് ചരക്കുനീക്കം നടത്താൻ ചഹബാഹർ തുറമുഖ ഇടനാഴിയിലൂടെ അഫ്ഗാനിസ്ഥാന് സാധിക്കും. പാക് അതിർത്തി അടഞ്ഞതോടെ ചഹബാഹർ വഴിയുള്ള വ്യാപാരത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനാണ് ഇന്ത്യയുടെയും നീക്കം.
അഫ്ഗാനിസ്ഥാന്റെ പുതിയ നീക്കത്തോടെ മേഖലയിലെ പാകിസ്താൻ്റെ വ്യാപാര കുത്തക തകരുമെന്നും, ഇത് പാകിസ്ഥാന് ഏൽപ്പിക്കുന്ന സാമ്പത്തിക പ്രഹരം ചെറുതായിരിക്കില്ലെന്നുമാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള പുതിയ വ്യാപാര കരാറുകൾ സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
